ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് തീരും; രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കാര്യങ്ങള്‍ ഇതുവരെ നിയന്ത്രണ വിധേയം; കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വാര്‍ത്തകളിൽ ആശങ്ക വേണ്ട

രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. രോഗം വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്കാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കാര്യങ്ങള്‍ ഇതുവരെ നിയന്ത്രണ വിധേയമാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നു. പട്ടിണി കിടന്നും സാധാരണക്കാരന്‍ പോലും കടുത്ത നിയന്ത്രണങ്ങളോട് സഹകരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളര ജാഗ്രതയോടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമിച്ച് മുന്നോട്ടുപോകുന്നത്. അതിനിടെ, ജനങ്ങളെ ആശങ്കയുണര്‍ത്തും വിധം കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കോവിഡ് 19നെ പൂര്‍ണമായി പ്രതിരോധിക്കുന്നതിന് ഇന്ത്യയില്‍ 49 ദിവസമെങ്കിലും അടച്ചിടേണ്ടി വരുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു ഇത്തരത്തില്‍ പ്രചരണം നടന്നത്. തുടര്‍ന്ന് കൊറോണ വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കില്ലെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് രംഗത്തെത്തേണ്ടി വന്നു. എങ്കിലും മറ്റു രാജ്യങ്ങളിലെ കൊറോണയെ കുറിച്ചുള്ള ദുരിതപൂര്‍ണമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി എത്തുന്നതിനാല്‍ ഇപ്പോഴും കുറയേറെ പേരെങ്കിലും ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കില്ല എന്നു വിശ്വസിക്കുന്നവരുണ്ട്.
എന്നാല്‍ ഇന്ത്യയില്‍ ഏപ്രില്‍ 14നു ശേഷം ലോക്ക്ഡൗണ്‍ തുടരില്ലെന്ന വ്യക്തമായ സൂചനയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിട്ടുണ്ട.് 21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിക്കാനിരിക്കെ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയയാണ്. ഏപ്രില്‍ 15 മുതലുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ, പ്രമുഖ വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.
ഏപ്രില്‍ 14-ന് ശേഷം ലോക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ ആഭ്യന്തര സര്‍വീസുകളാണ് ഏപ്രില്‍ 15 മുതല്‍ ബുക്കിങിനായി തുറന്നിട്ടിരിക്കുന്നത്. അതേസമയം, വിമാനകമ്പനികള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
നേരത്തെ, ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha