സംവരണത്തിന് അടിസ്ഥാനം ജാതി മാത്രമാകരുതെന്ന് സുപ്രീംകോടതി

ജാതി മാത്രമാകരുത് സംവരണത്തിന് അടിസ്ഥാനമെന്ന് സുപ്രീംകോടതി. ജാട്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക അവസ്ഥ കൂടി സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. അര്‍ഹതയില്ലാത്തവര്‍ക്ക് സംവരണം നല്‍കുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യുപിഎ സര്‍ക്കാരാണ് ജാട്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.
ജാട്ട് വിഭാഗങ്ങളെ ഒബിസി വിഭാഗത്തില്‍ പെടുത്തി സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഏറെ നിര്‍ണായകമായ ഈ വിധി പുറപ്പെടുവിച്ചത്. സംവരണത്തിന്റെ അടിസ്ഥാനം ജാതി മാത്രമാകരുത്. നേരത്തെ ഇത്തരം തെറ്റിദ്ധാരണകളുടെ പേരില്‍ ചില വിഭാഗങ്ങളെ ഒബിസിയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഒന്‍പതു സംസ്ഥാനങ്ങളില്‍ ജാട്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് ഒബിസി റിസര്‍വേഷന്‍ രക്ഷാസമിതിയുള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജാട്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍, രാഷ്ട്രീയപരമായും സാമൂഹികമായും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ജാട്ട് വിഭാഗങ്ങളെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























