ഇന്ത്യ കൊറോണയെ പിടിച്ചുകെട്ടും... മരുന്നുകള്‍, ടെസ്റ്റിങ് കിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള 15 ടണ്‍ മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ വ്യോമമാര്‍ഗം വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു, നീക്കം ശക്തമാക്കി രാജ്യം

കണക്കുകള്‍ ആശങ്കയുണ്ടാക്കും. പക്ഷെ തളര്‍ന്നിരിക്കുകയല്ല വേണ്ടത്. ആര്‍ജവത്തോടെ ഇറങ്ങിത്തിരിക്കണം. അതാണ് രാജ്യം കഴിഞ്ഞ കുറച്ചുദിവസമായി ചെയ്യുന്നത്. ഇച്ഛാശക്തിയോടെ മുന്നോട്ട് പോകണം. രാജ്യത്ത് 24 മണിക്കൂറിനിടെ 437 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബുധനാഴ്ചയാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 1834 ആയി. മരിച്ച 41 പേരും രോഗമുക്തരായ 144 പേരെയും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്. ഒറ്റ ദിവസത്തെ ഈ വര്‍ധനവ് രാജ്യവ്യാപകമായി കാണുന്നില്ലെന്നും തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ സമ്പര്‍ക്കം മൂലമുള്ള വര്‍ധനവാണിതെന്നും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പോസിറ്റീവ് കേസുകളിലെ വര്‍ധനവ് രാജ്യവ്യാപകമായ ട്രെന്‍ഡല്ല. എവിടെയെങ്കിലും സമ്പര്‍ക്കവിലക്കില്‍ പരാജയമുണ്ടായാല്‍ കേസുകളുടെ എണ്ണം തീര്‍ച്ചയായും കൂടും. ആരോഗ്യമന്ത്രാലയം ജെയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. മതസമ്മേളനങ്ങളും ചടങ്ങുകളും ഒഴിവാക്കണമെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനം കൃത്യമായി പാലിക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു. പുതിയ 400 കേസുകളില്‍ 150 കേസുകളും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് സമ്പര്‍ക്കത്തില്‍ നിന്നുണ്ടായതാണ്. ഈ ആളുകളുടെ സഞ്ചാര പഥവും സമ്പര്‍ക്കപട്ടികയും ഓരോ സംസ്ഥാനങ്ങളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 1800 പേരെ ക്വാറന്റൈനിലാക്കി. ഒമ്പത് ക്വാറന്റൈന്‍ സെന്ററുകളിലും ആശുപത്രികളിലുമാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. തീവണ്ടി ബോഗികള്‍ പരിഷ്‌കരിച്ച് 3.2ലക്ഷം ക്വാറന്റൈന്‍ ബെഡ്ഡ് സൗകര്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നുണ്ട്. അതിനായി 20,000 കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡാക്കുന്നത്. 5000 കോച്ചുകളുടെ പരിവര്‍ത്തന പ്രക്രിയ ഇതിനോടകം ആരംഭിച്ചു.
മരുന്നുകള്‍, ടെസ്റ്റിങ് കിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള 15 ടണ്‍ മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ കഴിഞ്ഞ ദിവസം വ്യോമമാര്‍ഗം വിവിധ സ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ബുധനാഴ്ച 10 പേര്‍ കൂടി മരിച്ചതായി വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകള്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ആദ്യമായി മരണം റിപ്പോര്‍ട്ട് ചെയ്തു. മീററ്റിലും ബസ്തിയിലും ഒരാള്‍ വീതം മരിച്ചു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 152 ആയി ഉയര്‍ന്നു. ഇതില്‍ 53 പേര്‍ നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
"
https://www.facebook.com/Malayalivartha



























