അതിർത്തി അടച്ച സംഭവത്തിൽ കർണാടകയ്ക്ക് തിരിച്ചടി; ഇടക്കാല ഉത്തരവിന് സ്റ്റേ ഇല്ല ; കേരള- കർണാടക ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് സുപ്രീംകോടതി

അടച്ചിട്ട കാസർകോട് അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ കർണാടക സമർപ്പിച്ച ഹർജിയിൽ കർണാടകയ്ക്കു തിരിച്ചടി. ഇടക്കാല ഉത്തരവിന് സ്റ്റേ നൽകാൻ സുപ്രീംകോടതി തയ്യാറായില്ല. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഇതിനായി രണ്ട് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറിയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി വിധി കർണാടകം നടപ്പാക്കിയില്ലെന്ന് കേരളം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ഇതിലും സുപ്രീംകോടതി ഇടപെടൽ നടത്തിയില്ല. പകരം ചർച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
കാസർകോട്- മംഗലാപുരം ദേശീയപാത കർണാടക സർക്കാർ അടച്ചതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി നിരവധിയാളുകൾ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ അവശ്യസാധനങ്ങളും അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളേയും മാത്രം ചെക്ക് പോസ്റ്റ് വഴി കടത്തി വിടണമെന്ന് സംസ്ഥാന സർക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അവർ ഈ നിർദേശം തള്ളി.
ഇതിനെതിരെ കേരള ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കേരള ഹൈക്കോടതി കർണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള ജില്ലകളിലൊന്നായ കാസർകോടേക്ക് അതിർത്തി തുറക്കാൻ പറ്റില്ലെന്ന കർശന നിലപാടാണ് കർണാടകം സ്വീകരിച്ചത്. വയനാട്, കണ്ണൂർ ജില്ലകൾ വഴിയുള്ള അതിർത്തികൾ തുറക്കാമെന്നും ഇതുവഴി ചരക്കുനീക്കം ഉറപ്പാക്കാം എന്നുമായിരുന്നു കർണാടകയുടെ നിലപാട്.
എന്നാൽ ഈ രണ്ടു ജില്ലകളിലും ചികിത്സ സൗകര്യമുള്ള അടിസ്ഥാന ആവശ്യങ്ങൾ പരിമിതമായെങ്കിലും ഉണ്ടെന്നും എന്നാൽ കാസർകോട് ജില്ലയുടെ ഉത്തരമേഖലയിലെ ജനങ്ങൾ ചികിത്സയ്ക്കും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി മംഗലാപുരത്തെയാണ് ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അതിർത്തി തുറക്കാൻ ഉത്തരവിടുകയായിരുന്നു. അടിയന്തര ചികിത്സ തേടി കർണാടകത്തിലേക്ക് പോകുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കാൻ ഡോക്ടറുടെ സേവനം ചെക്ക് പോസ്റ്റുകളിൽ ഉറപ്പാക്കണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് കർണാടകം സുപ്രീംകോടതിയെ സമീപിച്ചത്. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവരും ഹർജിയിൽ കക്ഷി ചേർന്നെങ്കിലും ഇന്ന് കർണാടക സർക്കാരിൻ്റേയും കേരള സർക്കാരിൻ്റേയും വാദം മാത്രമാണ് സുപ്രീംകോടതി കേട്ടത്.
https://www.facebook.com/Malayalivartha