ഇത് പുതിയ തുടക്കം, മോദിയും ദാദയും കൈക്കോര്‍ക്കുന്നു. സച്ചിനും കോഹ്ലിയും പിന്നാലെ. ഇനി കളി മാറും

രാജ്യം ഒട്ടക്കെട്ടായി കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുന്നു. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലര്‍ക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ചോദിക്കുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്. രാജ്യത്തോടുള്ള വിഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പം മുമ്പ് പറഞ്ഞ വാക്കുകളാണിത്. ലോക്ഡൗണിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി സാമൂഹിക അകലം ഒരു കാരണവശാലും ലംഘിക്കരുെതന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ രാജ്യത്തിന്റെ യശസുയര്‍ത്തിയ കായിക താരങ്ങളുടെ സേവനം പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി ചര്‍ച്ച നടത്തി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചര്‍ച്ച. പ്രധാനമന്ത്രി മോദി ന്യൂഡല്‍ഹിയില്‍നിന്നും ഗാംഗുലി കൊല്‍ക്കത്തയിലെ വസതിയില്‍നിന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ മുംബൈയിലെ വസതികളില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിന്റെ ഭാഗമായി.
ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട സാഹചര്യത്തില്‍ ഇന്ത്യയില്‍ ബോധവല്‍ക്കരണം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ക്രിക്കറ്റ് താരങ്ങളുമായി ചര്‍ച്ച നടത്തുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവെന്നാണ് സൂചന.
കോവിഡ് പ്രതിരോധത്തിനായി പ്രത്യേകം രൂപീകരിച്ച പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് നിര്‍ലോഭം സംഭാവന നല്‍കിയ കായിക താരങ്ങളെ നന്ദിയറിയിച്ച് പ്രധാനമന്ത്രി നേരിട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മാത്രം സംസ്ഥാന അസോസിയേഷനുകളുടെ സഹകരണത്തോടെ 51 കോടി രൂപയാണ് കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയത്. കോലിയും സച്ചിനും സുരേഷ് റെയ്‌നയും രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ഇഷാന്ത് ശര്‍മയും ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ വ്യക്തിപരമായ നിലയിലും സംഭാവന നല്‍കിയിട്ടുണ്ട്. മിതാലി രാജ് ഉള്‍പ്പെടെയുള്ള വനിതാ താരങ്ങളും സംഭാവനകളുമായി രംഗത്തുണ്ട്.
അതിനിടെ, തന്റെ രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിനു നല്‍കുന്നതിനെക്കുറിച്ച് വ്യാപക ചര്‍ച്ച നടക്കുമ്പോളായിരുന്നു ഏവരേയും ഞെട്ടിക്കുന്ന ഗൗതം ഗംഭീറിന്റെ പ്രഖ്യാപനം. ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള എംപിയായ ഗംഭീര്‍, 'രാജ്യത്തിനായി നിങ്ങള്‍ക്കെന്തു നല്‍കാനാകും' എന്ന ചോദ്യത്തോടെയാണ് രണ്ടു വര്‍ഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കു നല്‍കിയത്. ട്വിറ്ററിലൂടെ ഗംഭീര്‍ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.
'ആളുകളുടെ ദുരിതം ഹൃദയം തകര്‍ക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും തുക വെളിപ്പെടുത്താതെ സംഭാവന നല്‍കിയത്. രോഹിത് ശര്‍മ (80 ലക്ഷം), സുരേഷ് റെയ്‌ന (52 ലക്ഷം), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (50 ലക്ഷം), അജിന്‍ക്യ രഹാനെ (10 ലക്ഷം) തുടങ്ങിയ ക്രിക്കറ്റ് താരങ്ങളാണ് ഇതുവരെ സഹായം പ്രഖ്യാപിച്ച പ്രധാനികള്‍. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയും ഇര്‍ഫാന്‍ പഠാന്‍ യൂസഫ് പഠാന്‍ സഹോദരന്‍മാര്‍ 4000 മാസ്‌കുകളും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha