ഓഫീസ് വളപ്പിലായിപ്പോയ ബൈക്ക് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

ലോക്ഡൗണിനെ തുടര്‍ന്ന് ഓഫീസ് വളപ്പിലായിപ്പോയ ബൈക്ക് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ശിവഗംഗ സ്വദേശിയായ മാരിമുത്തുവാണ് (65) മരിച്ചത്. സംഭവത്തില്‍ കമ്പനിയിലെ ജീവനക്കാരനായ ചെന്നൈ ജോര്‍ജ് ടൗണ്‍ സ്വദേശിയായ രാജേന്ദ്രപ്രസാദിനെ (28) അറസ്റ്റു ചെയ്തു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജേന്ദ്രപ്രസാദിന്റെ ബൈക്ക് ഓഫീസ് വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബൈക്ക് എടുക്കുന്നതിനായി യുവാവ് എത്തിയപ്പോള്‍ മാരിമുത്തു അതനുവദിച്ചില്ല. കമ്പനി വളപ്പിലെ വാഹനങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കരുതെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നു പറഞ്ഞ് മാരിമുത്തു രാജേന്ദ്രപസാദിനെ അകത്തേക്ക് കടത്തിവിട്ടില്ല.ഇതോടെ വാക്കേറ്റമാരംഭിച്ച രാജേന്ദ്രപ്രസാദ് മാരിമുത്തുവിനെ റോഡില്‍ തള്ളിയിട്ട ശേഷം അവിടെനിന്ന് പോയി. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ് വഴിയില്‍ കിടന്ന മാരിമുത്തുവിനെ നാട്ടുകാരാണ് സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ചികിത്സയിലിരിക്കെ മാരിമുത്തു കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒളിച്ച് താമസിക്കുകയായിരുന്ന രാജേന്ദ്രപ്രസാദിനെ അറസ്റ്റു ചെയ്തു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























