തുടക്കം മുതലേ കിടിലം പ്ലാനിങ് ; കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണെന്നു പഠന റിപ്പോർട്ട്

ലോകം ഒന്നടങ്കം കോവിഡ് എന്ന മഹാവ്യാധിയെ പിടിച്ചു കെട്ടാനുള്ള കഠിന പ്രയത്നത്തിലാണ്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സമ്പന്ന രാഷ്ട്രമായ അമേരിക്കയിലാണ്. ഇന്ത്യയിൽ 239 മരണം റിപ്പോർട്ട് ചെയ്തു.. 7447 പേർക്ക് രോഗം ബാധിച്ചു. 6565 പേര് ചികിത്സയിൽ കഴിയുന്നു. 642 പേർക്ക് രോഗം ഭേദമായി.1035 പുതിയ രോഗികള്‍ റിപ്പോർട്ട് ചെയ്തു. എന്നാൽ പോലും കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണെന്നു തന്നെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഓക്സ്‌ഫോര്‍ഡ് കൊവിഡ് ഗവ. റെസ്‌പോണ്‍സ് ട്രാക്കറിന്റെ പഠനറിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. യു.എസ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ സര്‍ക്കാരുകള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. സര്‍ക്കാരിന്റെ നയങ്ങളും ഇടപെടലുകളും പഠന വിധേയമാക്കി.
സ്‌കൂളുകളും ഓഫിസുകളും അടച്ചിടുക, പൊതു പരിപാടികള്‍ റദ്ദാക്കല്‍, പൊതുഗതാഗതം നിര്‍ത്തലാക്കുക, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ക്യാമ്ബെയിന്‍, ആഭ്യന്തരരാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍, ധനപരമായ നടപടികള്‍, ആരോഗ്യമേഖലയിലെ അടിയന്തര നിക്ഷേപം, വാക്സിന്‍, പരിശോധന തുടങ്ങിയവ ഇടപെടലുകളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ മോദി സര്‍ക്കാര്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചതായി പഠനത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളേക്കാള്‍ അതിവേഗത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒപ്പം കയ്യടി നേടുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളം കൂടെയാണ്. ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീർത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടൻ പോസ്റ്റ് പോലും രംഗത്തെത്തിയത് അഭിമാനകരമാണ്. കേരള സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെയും തീരുമാനങ്ങളെയും വിശദമായി വിലയിരുത്തിയാണു വാഷിങ്ടൻ പോസ്റ്റ് അഭിനന്ദിക്കുന്നത്. കേരളത്തിന്റെ നടപടി ‘കർശനവും മനുഷ്യത്വപരവു’മാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
രോഗവ്യാപനം തടയാനുള്ള നടപടികള്‍, കോവിഡ് സംശയമുള്ളവരെ ക്വാറന്റീൻ ചെയ്യൽ, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയാറാക്കൽ, കർശനമായ പരിശോധനകൾ, മികച്ച ചികിത്സ തുടങ്ങിയവ സർക്കാർ ഉറപ്പുവരുത്തി. 30 വർഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടത്തെ ഉയർന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടന നിർദേശിച്ച രീതിയാണു കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്നു കേന്ദ്ര ഏജൻസികൾ വിലയിരുത്തുമ്പോൾ ആളുകളെ പരിശോധിക്കുന്നതിൽ കേരളം സജീവമായി മുന്നിൽനിന്നു. ഏപ്രിൽ ആദ്യവാരം 13,000ലേറെ പരിശോധനകളാണ് നടത്തിയത്. വലിയ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ് 6000, തമിഴ്നാട് 8000 എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്. ദേശീയ തലത്തിൽ 10 ശതമാനം പരിശോധന നടന്നിരുന്നില്ലെന്നും ഓർക്കണം. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ജനങ്ങൾക്കായി 2.6 ബില്യൻ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾക്ക് ഭക്ഷണം, അതിഥി തൊഴിലാളികൾക്ക് ഉൾപ്പെടെ എല്ലാവർക്കും ഭക്ഷ്യകിറ്റ്, ധനസഹായം, സൗജന്യ ഭക്ഷണം, സമൂഹ അടുക്കള തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ചെയ്തെന്നും റിപ്പോർട്ടിൽ വിവരിക്കുന്നു. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംസ്ഥാനമായിട്ടും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടാനും കേരളത്തിനു സാധിച്ചെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















