രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പെരുമയുള്ള ഇന്‍ഡോറും കോവിഡിന്റെ പിടിയില്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അനിയന്ത്രിതമായി കോവിഡ് പടര്‍ന്നുപിടിച്ചതോടെ സംസ്ഥാനം ആശങ്കയില്‍. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പെരുമയുള്ള ജില്ലയില്‍ ഇതുവരെ 49 പേരാണ് മരിച്ചത്. ആകെ 892 പേര്‍ രോഗബാധിതരായി.
കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ദേശീയ ശുചിത്വ നിലവാര സൂചികയില്‍ കഴിഞ്ഞ 4 വര്‍ഷമായി ഒന്നാം സ്ഥാനത്താണ് ഇന്‍ഡോര്‍.കോവിഡ് മൂലമുള്ള മരണനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് ഇന്‍ഡോര്‍.
മന്ത്രിസഭ രൂപീകരിക്കാത്ത മധ്യപ്രദേശില്‍ ഭരണസംവിധാനം പ്രതിസന്ധിയിലായതോടെ, രോഗവ്യാപനം കണ്ടെത്താനുള്ള നടപടികളും അവതാളത്തിലായി. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ 13 അംഗ സമിതിക്കു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രൂപം നല്‍കി.
നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ഥി, വിദഗ്ധ ഡോക്ടര്‍മാര്‍, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ടതാണു സമിതി. ആരോഗ്യ വകുപ്പിലെ 93 പേര്‍ രോഗബാധിതരായതിനെത്തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച സാഹചര്യത്തിലാണു സമിതി രൂപീകരിച്ചത്. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1407 ആയി; മരണം 72.
ഇന്‍ഡോറില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിത്തുടങ്ങിയത് ബുധനാഴ്ച മുതലാണ്്. ഇതിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഹോട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച നഗരത്തില്‍ ജനങ്ങളെല്ലാം വീടുകളില്‍ കഴിയണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി.
ഇതിനിടെ, ഐസലേഷന്‍ കേന്ദ്രത്തില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലെ ഹോട്ടലില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ ട്രക്കില്‍ കയറി യുപിയിലേക്കു കടക്കാന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha























