കർഷകർ കനത്ത പ്രതിസന്ധിയിൽ.... ഉൽപാദനം പകുതിയായതും അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും കർഷകരും ടാപ്പിങ് നേരത്തെ തന്നെ നിർത്തി തുടങ്ങി....

റബർ തോട്ടങ്ങൾ ഉൽപാദന മാന്ദ്യത്തിന്റെ പിടിയിലായതോടെ കർഷകർ കനത്ത പ്രതിസന്ധിയിൽ. ഉൽപാദനം പകുതിയായതും അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം ഭൂരിഭാഗം കർഷകരും ടാപ്പിങ് നേരത്തെതന്നെ നിർത്തി തുടങ്ങി. കൂലിച്ചെലവിനും വളം വിലക്കും ആനുപാതികമായ വരുമാനം ലഭിക്കാത്തതിനാൽ കർഷകർ ‘പകുതി പങ്ക്’വ്യവസ്ഥയിലേക്ക് ടാപ്പിങ് മാറ്റിയിരുന്നെങ്കിലും ഇപ്പോൾ അതും ലാഭകരമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.
സാധാരണയായി ഇലകൊഴിഞ്ഞ ശേഷം തളിർക്കുന്നതോടെ ഉൽപാദനം വർധിക്കാറാണുള്ളത്. എന്നാൽ ഇടമഴയുടെ അഭാവവും കഠിനമായ ചൂടും ഇത്തവണ തിരിച്ചടിയായി. മെയ്, ജൂൺ മാസങ്ങളിലെ അതിവൃഷ്ടി മൂലം ഫംഗസ് ബാധയുണ്ടായ തോട്ടങ്ങളിൽ ഉൽപാദനം 40 ശതമാനത്തിലേറെ ഇടിഞ്ഞു.10 മരങ്ങളിൽ നിന്ന് 600 ഗ്രാം റബർ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 15 മരങ്ങളിൽനിന്ന് പോലും ഒരു ഷീറ്റ് ലഭിക്കാത്ത സാഹചര്യമാണ്.
തളിരിലകൾക്കൊപ്പം മരങ്ങൾ വ്യാപകമായി പൂവിട്ടതും ഉൽപാദനക്കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ താങ്ങുവില 200 രൂപയായി പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ നാലാം ഗ്രേഡ് റബറിന് ഇപ്പോഴും 188 രൂപയിൽ താഴെയാണ് വില. പുകപ്പുരകളില്ലാത്ത ചെറുകിട കർഷകർ പുകയിടാത്ത ‘ലോട്ട്’ഇനം ഷീറ്റുകൾ വിൽക്കാൻ നിർബന്ധിതരാകുന്നുണ്ട്. ഇത്തരം ഷീറ്റുകൾക്ക് വിപണി വിലയേക്കാൾ 10 രൂപയോളം കുറവാണ് വ്യാപാരികൾ നൽകുന്നത്.
"
https://www.facebook.com/Malayalivartha

























