ബിനാലെ സന്ദര്‍ശിച്ച് പ്രമുഖര്‍; സിപിഐ(എം) പി ബി അംഗം സുഭാഷിണി അലി, ഫെഡറല്‍ ബാങ്ക് മേധാവി കെവിഎസ് മണിയന്‍ എന്നിവര്‍ ബിനാലെയിലെത്തി..

വൈവിധ്യങ്ങളായ വിഷയങ്ങളില്‍ മാനുഷികമായ അനുഭവം പ്രദാനം ചെയ്യുന്ന സൃഷ്ടികളാണ് കൊച്ചി-മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. മുൻ എംപിയും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി, ഫെഡറല്‍ ബാങ്ക് സിഎംഡി കെ വി എസ് മണിയന്‍ തുടങ്ങിയ പ്രമുഖരാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചത്. വികസനം മൂലം സാമാന്യ ജീവിതത്തിലും പരിസ്ഥിതിയിലും വരുന്ന പ്രത്യാഘാതങ്ങള്‍ കൊച്ചി-മുസിരിസ് ബിനാലെ ജനങ്ങളിലേക്കെത്തിക്കുന്നുവെന്ന് സുഭാഷിണി അലി പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ബിനാലെ സന്ദർശിക്കുന്നതെന്നും വ്യത്യസ്ത വിഷയങ്ങളില്‍ മാനുഷികമായ അനുഭവം പങ്കിടുന്നതില്‍ കലാസൃഷ്ടികള്‍ വഹിക്കുന്ന പങ്ക് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക കൃതികളും മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപരമായ ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണെന്നും അവര്‍ നിരീക്ഷിച്ചു.
ബിനാലെ നിലനിർത്തുന്നതിൽ സംസ്ഥാന സർക്കാർ വഹിക്കുന്ന പങ്കിനെ അവര്‍ അഭിനന്ദിച്ചു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കേരളത്തിലെ കലാകാരന്മാർക്ക് അര്‍ഹമായ ഇടം നൽകേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അന്തരിച്ച കലാകാരൻ വിവാന്‍ സുന്ദരത്തിന്റെ അവസാന സൃഷ്ടികളിലൊന്ന് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചു കണ്ടത് സന്തോഷം പകരുന്ന അനുഭവമാണ്. ഇത്തരമൊരു ബിനാലെ ഇന്ത്യയിൽ മറ്റൊരിടത്തും സാധ്യമാകില്ലെന്നും കേരളത്തിൽ നിന്നുള്ള വലിയൊരു ശതമാനം യുവാക്കൾ ഈ പ്രദർശനവുമായി സജീവമായി ഇടപെടുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വെല്ലിംഗ്ടണ്‍ ഐലന്‍ഡ് വെയര്‍ഹൗസിലെ സൃഷ്ടികള്‍ മികച്ച കലാപ്രതിഷ്ഠയ്ക്കൊപ്പം സാങ്കേതികമികവ് കൂടിയാണെന്ന് കെവിഎസ് മണിയന്‍ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളാണ് ബിനാലെയുടെ പ്രത്യേകത. ആനന്ദ് വെയര്‍ഹൗസിലെ കുല്‍ദീപ് സിംഗിന്റെ സൃഷ്ടിയും, നാരി വാര്‍ഡ്സിന്റെ ഡിവൈന്‍ സ്മൈല്‍സും ആകര്‍ഷിച്ചു. വിദേശികളും സ്വദേശികളുമായ സന്ദര്‍ശകരുടെ കൂടിച്ചേരല്‍ സാംസ്ക്കാരികമായ കൊടുക്കല്‍ വാങ്ങലാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലീന കലാലോകത്തെ പ്രമുഖരും സാമ്പത്തിക വിദഗ്ധരും ബിനാലെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ആര്‍ട്ടിസ്റ്റ് എന്‍എസ് ഹര്‍ഷ, ശില്‍പി രവീന്ദര്‍ റെഡ്ഡി തുടങ്ങിയ പ്രമുഖരും ബിനാലെ കാണാനെത്തി.
https://www.facebook.com/Malayalivartha























