ഹൈ സ്‌കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോള്‍ പ്രധാനാധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ എന്റെ അമ്മയെ കരയിപ്പിച്ചു

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടനും സംവിധായകനുമായ ഗിന്നസ് പക്രു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ഹൈ സ്‌കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോള്‍ പ്രധാനാധ്യാപകന്‍ അഡ്മിഷന്‍ നല്‍കില്ലെന്ന് പറഞ്ഞുവെന്നും മുതിര്‍ന്ന കുട്ടികള്‍ എന്നെ തട്ടി താഴെയിട്ടാല്‍ ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്ന് അധ്യാപകന്‍ പറഞ്ഞതായും അതുകേട്ട് അമ്മയുടെ കണ്ണ് നിറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
'അച്ഛനും അമ്മയും കോട്ടയത്ത് വച്ചാണ് കണ്ടുമുട്ടിയത്. പ്രണയവിവാഹമായിരുന്നു. എന്റെ പത്താംക്ലാസ് വരെ നിരവധി വാടകവീടുകളിലായി മാറി മാറി താമസിച്ചിട്ടുണ്ട്. അന്നത്തെ വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. വീടുകള്‍ ഇടയ്ക്കിടെ മാറുന്നതുകൊണ്ടുണ്ടായ ഗുണം എന്താണെന്നുവച്ചാല്‍ ചെല്ലുന്നിടത്തൊക്കെ ഒരുപാട് സുഹൃത്തുക്കളെ കിട്ടും എന്നുള്ളതാണ്. വീട്ടില്‍ അടങ്ങിയിരിക്കാതെ അവര്‍ക്കൊപ്പം കളിച്ച് നടക്കും. എന്നാല്‍ റിസ്‌ക് ഉള്ള കളികള്‍ക്ക് പോകില്ല.
വഴിയില്‍ കളിച്ചുകൊണ്ടിരിക്കേ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട നാല് അധ്യാപകരാണ് സ്‌കൂളില്‍ ചേര്‍ത്തത്. ചാലുകുന്ന് സിഎംഎസ് എല്‍.പി സ്‌കൂളില്‍നിന്നാണ് എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചത്. സ്‌കൂളില്‍ ചേര്‍ന്നാല്‍ അമ്മയുടെ ടെന്‍ഷന്‍ മുതിര്‍ന്ന കുട്ടികള്‍ എന്നെ തട്ടി താഴെയിടുമോ എന്നും എനിക്ക് അപകടം പറ്റുമോ എന്നുമായിരുന്നു. ടീച്ചേഴ്‌സ് എന്നും എനിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. അവരുടെ മകനെപ്പോലെ എന്നെ നോക്കി. അജിക്കുട്ടാ എന്നാണ് വിളിച്ചിരുന്നത്. പക്ഷേ ആ പരിഗണന ഞാന്‍ മുതലാക്കിയിരുന്നു. നല്ല ഉഴപ്പായിരുന്നു. കുസൃതി കാട്ടുക, പഠിപ്പിക്കുന്ന സമയത്ത് ബെഞ്ചിനിടയില്‍ക്കൂടി നടക്കുക തുടങ്ങിയവയായിരുന്നു എന്റെ വിനോദം.
നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് ജീവിതത്തിലെ വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. അതൊരു സ്‌റ്റേജിന്റെ രൂപത്തിലായിരുന്നു. അന്നത്തെ ജനകീയ കലയായ കഥാപ്രസംഗമായിരുന്നു അവതരിപ്പിച്ചത്. അമച്വര്‍ കാഥികന്‍കൂടിയായ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നാണ് കഥാപ്രസംഗം എഴുതി തന്നത്. എന്നെ മാറ്റി നിര്‍ത്തിയിരുന്നില്ല എന്ന കാര്യത്തില്‍ സന്തോഷമുണ്ട്. അവര്‍ എന്നെ അവരില്‍ ഒരാളായി കണ്ടു. ആനുവല്‍ ഡേയ്ക്ക് സ്‌റ്റേജില്‍ കയറിയപ്പോള്‍ കഥാപ്രസംഗവേദിയില്‍ എന്നെ കാണുന്നില്ല എന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്. എന്നെ കാണാനായി കുറച്ചുപേര്‍ ഡസ്‌കില്‍ കയറി നിന്നതോടെ ഡെസ്‌ക് ഒടിഞ്ഞുവീണു. പിന്നെ ടീച്ചേഴ്‌സ് എന്നെ വലിയ ടേബിളിന് മുകളില്‍ കയറ്റി നിര്‍ത്തി. കഥാപ്രസംഗം കഴിഞ്ഞപ്പോള്‍ നിര്‍ത്താതെ കയ്യടി ലഭിച്ചു. അന്നാണ് സ്‌റ്റേജില്‍ കയറി ഇങ്ങനെ പ്രകടനം കാഴ്ചവയ്ക്കാന്‍ എനിക്ക് കഴിവുണ്ടെന്ന് അറിഞ്ഞത്.
അഞ്ചാം ക്ലാസില്‍ ഹൈ സ്‌കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോള്‍ പ്രധാനാധ്യാപകന്‍ അഡ്മിഷന്‍ നല്‍കില്ലെന്ന് പറഞ്ഞു. ഈ കുട്ടിക്ക് അഡ്മിഷന്‍ നല്‍കാന്‍ ആകില്ല. മുതിര്‍ന്ന കുട്ടികള്‍ തട്ടി താഴെയിട്ടാല്‍ ഉത്തരവാദിത്തം പറയാന്‍ ആകില്ല. ഒരുപാട് പടിക്കെട്ടുകള്‍ ഉള്ള സ്‌കൂളാണ്. മുഖത്ത് പോലും നോക്കാതെ ആണ് ആ അധ്യാപകന്‍ അത് പറഞ്ഞത്. എനിക്കൊന്നും തോന്നിയില്ല. പക്ഷേ അമ്മയുടെ കണ്ണ് നിറഞ്ഞു ആ കണ്ണുനീര്‍ എന്റെ കൈകളില്‍ വീണത് ഞാനറിഞ്ഞു.' ഗിന്നസ് പക്രുവിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha






















