കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്. കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.രാജീവിന്റെ ഭാര്യ എസ്.എല്‍.സജിത (54) മകള്‍ ഗ്രീമ എസ്.രാജ് (30) എന്നിവരെയാണ് കഴിഞ്ഞദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണു ജീവനൊടുക്കുന്നതെന്ന് ഇവര്‍ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. മൂന്നു മാസം മുന്‍പാണ് രാജീവ് മരിച്ചത്. കുടുംബത്തില്‍ ആരും ജീവനോടെ ഇല്ലാത്തതിനാല്‍, സയനൈഡ് വാങ്ങിയത് എവിടെനിന്നാണെന്നു കണ്ടെത്തുക പൊലീസിന് വലിയ വെല്ലുവിളിയാണ്.
പിതാവുള്ള സമയത്തു തന്നെ സയനൈഡ് വാങ്ങി സൂക്ഷിച്ചിരുന്നുവെന്നു ഗ്രീമയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഇവര്‍ സ്വര്‍ണ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങള്‍ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൂന്നു പേരുടെയും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അവഗണനയില്‍ മനംനൊന്താണ് ഇവര്‍ ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. മുംബൈയില്‍നിന്നു പിടികൂടിയ ഉണ്ണികൃഷ്ണന്‍ റിമാന്‍ഡിലാണ്. ഉണ്ണികൃഷ്ണന്‍ ഗ്രീമയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജോലിസ്ഥലമായ അയര്‍ലന്‍ഡിലേക്കു പോകാന്‍ തിരുവനന്തപുരത്തുനിന്ന് വിമാനത്തില്‍ മുംബൈയില്‍ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ പിടിയിലായത്. പൂന്തുറ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഇമിഗ്രേഷന്‍ വിഭാഗത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. മുംബൈയിലെ അന്ധേരി കോടതിയില്‍ ഹാജരാക്കിയശേഷമാണ് ഉണ്ണികൃഷ്ണനെ ശനിയാഴ്ച രാത്രിയോടെ പൂന്തുറ സ്റ്റേഷനിലെത്തിച്ചത്.
അതേസമയം, ആരോപണങ്ങള്‍ തെറ്റാണെന്നും ഗ്രീമയുടെയും തന്റെ സഹോദരന്റെയും സ്വകാര്യതയിലേക്ക് ഗ്രീമയുടെ അമ്മ ഇടപെട്ടതാണു പ്രശ്നങ്ങള്‍ക്കു ഇടയാക്കിയതെന്നും ഉണ്ണികൃഷ്ണന്റെ സഹോദരന്‍ ബി.എം.ചന്തു പറഞ്ഞിരുന്നു. പലഘട്ടങ്ങളിലും ഗ്രീമ അമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഉണ്ണികൃഷ്ണന്‍ നാട്ടിലെത്തുമ്പോള്‍ വൈകിട്ടുവരെ വീട്ടില്‍നിന്ന ശേഷം രാത്രി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുന്നതാണു രീതി. ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്നു അഭിഭാഷകനെ കണ്ട് ജോയിന്റ് പെറ്റീഷന്‍ നല്‍കിയിരുന്നുവെന്നും ചന്തു പറഞ്ഞു.
ആറു വര്‍ഷം മുന്‍പ് വിവാഹിതരായ ഗ്രീമയും ഉണ്ണികൃഷ്ണനും 25 ദിവസം മാത്രമേ ഒരുമിച്ചു താമസിച്ചിരുന്നുള്ളു. പിന്നീട് ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് ഗ്രീമയുടെ പിതാവ് പെട്ടെന്നു ഹൃദ്രോഗം മൂലം മരിച്ചത്. ഇതോടെ കടുത്ത മാനസിക വിഷമത്തിലായ ഗ്രീമയും അമ്മയും അടുത്തിടെ ഉണ്ണികൃഷ്ണന്‍ നാട്ടിലെത്തിയപ്പോള്‍ പോയി കണ്ട് സംസാരിച്ചിരുന്നു. ഉണ്ണികൃഷ്ണന്റെ ഭാഗത്തുനിന്ന് പ്രതികൂലമായ പ്രതികരണം ഉണ്ടായതോടെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചത്. വീട്ടിനുള്ളില്‍ ഹാളിലെ സോഫയില്‍ കൈകള്‍ ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്റെ അവഗണനയും മാനസികപീഡനവും മൂലമാണ് ജീവനൊടുക്കുന്നതെന്നായിരുന്നു ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha






















