ഉഡുപ്പിയിൽ ബോട്ട് അപകടത്തിൽ മൂന്നു വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

ഉഡുപ്പി കോഡിബെൻഗ്രെ ബീച്ചിന് സമീപം ബോട്ട് അപകടത്തിൽ മൂന്നു വിനോദസഞ്ചാരികൾ മരിച്ചു. മൈസൂരു ജില്ലയിലെ സരസ്വതിപുരം സ്വദേശികളായ ശങ്കരപ്പ (22), സിന്ധു (23), ദിശ (26) എന്നിവരാണ് മരിച്ചത്. ധർമരാജ് (26) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മൈസൂരുവിലെ കോൾ സെന്ററിൽ ജോലി ചെയ്യുന്ന നാലുപേരും ഒരുമിച്ച് വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയതാണെന്ന് പൊലീസ് . വിനോദയാത്രക്കായി ഉഡുപ്പിയിൽ എത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ അംഗങ്ങളാണ്. കോഡിബെൻഗ്രെ ഡെൽറ്റ ബീച്ചിൽ നിന്ന് കടൽയാത്രക്കായി ഇവർ കയറിയ ടൂറിസ്റ്റ് ബോട്ട് നദി-കടൽ സംഗമ സ്ഥാനമായ ഹംഗരകട്ട കപ്പൽ നിർമാണ മേഖലക്ക് സമീപം പെട്ടെന്ന് മറിയുകയായിരുന്നു. 14 യാത്രക്കാരും വെള്ളത്തിലേക്ക് തെറിച്ചുവീണു. അവരിൽ കുറച്ചുപേർ മാത്രമേ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ എന്നാണ് സൂചനകളുള്ളത്.
സമീപത്തുള്ള ബോട്ട് ഓപറേറ്റർമാരും നാട്ടുകാരും സ്ഥലത്തെത്തി വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു. രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികളിൽ നാലുപേരുടെ നില ഗുരുതരമായതിനാൽ അവരെ ഉടൻ ഉഡുപ്പിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ നൽകിയെങ്കിലും മൂന്നുപേർ മരിച്ചുവെന്ന് പൊലീസ് . മാൽപെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
" f
https://www.facebook.com/Malayalivartha

























