രാജ്യമാകെ ഇന്നുമുതല്‍ കോവിഡ് മുക്ത മേഖലകളില്‍ ലോക്ഡൗണ്‍ ഇളവ്

കോവിഡ് പ്രശ്‌നമില്ലാത്ത ജില്ലകളിലും ഗ്രാമീണ മേഖലയിലും ജനജീവിതം ഇന്നു മുതല്‍ വീണ്ടും സജീവമാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യം ലോക്ഡൗണില്‍നിന്ന് ഇന്നു പുറത്തിറങ്ങുന്നു. ഹോട്‌സ്‌പോട്ടുകളിലും കര്‍ശന നിയന്ത്രണ മേഖലകളിലും ലോക്ഡൗണിന് ഇളവില്ല.
രോഗപ്രതിരോധ നടപടി ജനജീവിതത്തെയും സമ്പദ്വ്യവസ്ഥയെയും സ്തംഭിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഗുരുതര പ്രശ്‌നമില്ലാത്ത സ്ഥലങ്ങളില്‍ ഇളവുകള്‍ നടപ്പാക്കുന്നത്. കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗണിന്റെ നിയന്ത്രണങ്ങള്‍ അടുത്ത മാസം 3 വരെ തുടരുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 14-ന് ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതിനു മുന്‍പേ, ചില സംസ്ഥാനങ്ങള്‍ ഈ മാസം 30-വരെ ലോക്ഡൗണ്‍ തുടരുമെന്ന് അറിയിച്ചിരുന്നു. ഇതില്‍, ഡല്‍ഹിയും പഞ്ചാബും ഇളവുകള്‍ ഒഴിവാക്കി, ലോക്ഡൗണ്‍ പൂര്‍ണതോതില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതീവജാഗ്രതയോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നത്. നിബന്ധനകള്‍ ലംഘിച്ച് രോഗം പടരുന്ന സ്ഥിതി വന്നാല്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തുമെന്നു പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍, രാജ്യത്തെ 56% ജില്ലകളിലും കോവിഡ് ബാധിതരുണ്ട്. എന്നാല്‍, രോഗബാധിതരില്‍ പകുതിയും 15 ജില്ലകളിലാണ്. മൂന്നിലൊന്നു രോഗികളും മുംൈബ, ഇന്‍ഡോര്‍, ജയ്പുര്‍, പുണെ, അഹമ്മദാബാദ് ജില്ലകളിലാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്നു നിര്‍ണായക ദിനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കര്‍ശന നിയന്ത്രണ മേഖലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. ഈ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ഇളവുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങള്‍ പതിവു ചടങ്ങുകള്‍ക്കായി തുറക്കാനാവില്ല. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നടക്കും.
പൊതുനിയന്ത്രണം, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; തുപ്പുന്നത് കുറ്റം. മദ്യം, ഗുഡ്ക, പുകയില വില്‍പനയ്ക്ക് കര്‍ശന നിരോധനം പൊതുസ്ഥലങ്ങളില്‍ 5-ല്‍ അധികം പേര്‍ കൂടരുത്. വിവാഹം, സംസ്‌കാരം തുടങ്ങിയവയ്ക്ക് ജില്ലാ മജിസ്‌ട്രേട്ടിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. സംസ്‌കാരച്ചടങ്ങുകള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല.
വിമാന സര്‍വീസ്, യാത്രാ ട്രെയിന്‍, മെട്രോ റെയില്‍, ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. ഓട്ടോയും സൈക്കിള്‍ റിക്ഷയുമുള്‍പ്പെടെ ടാക്‌സി സര്‍വീസുമില്ല.
സിനിമാ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്വിമ്മിങ് പൂള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം തുടങ്ങിയവ പ്രവര്‍ത്തിക്കില്ല. ഓഫിസ്-തൊഴില്‍ സ്ഥലങ്ങളില്‍ ശരീരോഷ്മാവ് അളക്കാന്‍ സംവിധാനം, സാനിറ്റൈസര്‍ നിര്‍ബന്ധം. ഷിഫ്റ്റുകള്‍ക്കിടയില്‍ 1 മണിക്കൂര്‍ ഇടവേള. 65 വയസ്സില്‍ കൂടുതലുള്ളവര്‍ക്കും 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും വര്‍ക് ഫ്രം ഹോം സൗകര്യം.
10-ല്‍ കൂടുതല്‍ പേരുള്ള യോഗങ്ങള്‍ ഒഴിവാക്കണം. 6 അടി അകലത്തില്‍ ഇരിപ്പിടം ക്രമീകരിക്കണം. ഷിഫ്റ്റുകള്‍ക്കിടയില്‍ തൊഴില്‍സ്ഥലം, കന്റീന്‍, ഭിത്തികള്‍, ഉപകരണങ്ങള്‍, മീറ്റിങ് മുറികള്‍, ശുചിമുറി തുടങ്ങിയവ അണുവിമുക്തമാക്കുക. തൊഴില്‍ സ്ഥലത്തേക്ക് ജീവനക്കാരെ എത്തിക്കാന്‍ വാഹനം. വാഹനത്തിന്റെ ആള്‍ശേഷിയില്‍ 30-40% മാത്രം. തൊഴില്‍ സ്ഥലത്തേക്കു വരുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കുക. എല്ലാ ജീവനക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്. വര്‍ക് സൈറ്റുകളില്‍ അത്യാവശ്യമില്ലാത്ത സന്ദര്‍ശകരെ ഒഴിവാക്കുക. ലിഫ്റ്റുകളില്‍ പരമാവധി 2-4 പേര്‍ മാത്രം. കോവിഡ് ചികിത്സയുള്ള ആശുപത്രികളുടെ പട്ടിക സൂക്ഷിക്കുക.
പ്രതിരോധം, പൊലീസ് സേന, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദുരന്ത മാനേജ്‌മെന്റ്, കാലാവസ്ഥാ നിരീക്ഷണ സ്ഥാപനങ്ങള്‍, ഫുഡ് കോര്‍പറേഷന്‍, നാഷനല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍, എന്‍സിസി, നെഹ്‌റു യുവ കേന്ദ്ര, കസ്റ്റംസ് എന്നിവ പൂര്‍ണമായി പ്രവര്‍ത്തിക്കും. മറ്റു മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അവയ്ക്കു കീഴിലുള്ള ഓഫിസുകള്‍ എന്നിവയില്‍ ഡപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഡ്യൂട്ടി. മറ്റു ജീവനക്കാരില്‍ മൂന്നിലൊന്ന് എത്തണം.
പൊതുവായ ചില ലോക്ഡൗണ്‍ ഇളവുകള്‍ ദേശീയതലത്തില്‍ ഇന്നു നിലവില്‍വരുമെങ്കിലും ഡല്‍ഹിയില്‍ ഇളവൊന്നുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്ന 186 പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഡല്‍ഹിയില്‍ ഇതിനകം 1893 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
പഞ്ചാബിലും ഇളവുകളില്ലാതെ ലോക്ഡൗണ്‍ കര്‍ശനമായി തുടരും. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ലോക്ഡൗണ്‍ മേയ് 7 വരെ നീട്ടി.
കോവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം പൂര്‍ണരോഗമുക്തി നേടുന്ന ആദ്യ സംസ്ഥാനമായി ഗോവ. രോഗബാധിതരായിരുന്ന 7 പേരും സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ഏപ്രില്‍ 3-നു ശേഷം ഇവിടെ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. രാജ്യത്തു കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ഏക സംസ്ഥാനം സിക്കിം ആണ്.
https://www.facebook.com/Malayalivartha























