ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ് അടച്ചു, മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ 14,541

കോവിഡ് കേന്ദ്രമായി മാറിയ തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റ് അടച്ചുപൂട്ടി. ഇന്നലെ രോഗബാധിതരായ 527 പേരില്‍ ഭൂരിഭാഗത്തിനും കോവിഡ് പകര്‍ന്നതു മാര്‍ക്കറ്റില്‍ നിന്നാണ്. ഇവിടവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ളത് 7200 പേര്‍. തമിഴ്‌നാട്ടില്‍ ആകെ രോഗികള്‍ 3550. മരണം 31.
ലോക്ഡൗണില്‍ ഇളവു വന്നതോടെ ചെന്നൈയില്‍ തിരക്ക് തുടങ്ങി. സര്‍ക്കാര്‍ മദ്യവില്‍പന ശാലകളായ ടാസ്മാക് കടകള്‍ വ്യാഴാഴ്ച തുറക്കും. ബാറുകള്‍ തുറക്കില്ല. ചെന്നൈ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്കും കോവിഡ് കണ്ടെത്തിയതോടെ രോഗം സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 22.
മഹാരാഷ്ട്രയുടെ ആശങ്കവര്‍ദ്ധിപ്പിച്ചുകൊണ്ട് കോവിഡ് രോഗബാധിതരുടെ എണ്ണം അവിടെ 14,541 ആയി. ഇന്നലെ 35 പേര്‍ കൂടി മരിച്ചതോടെ ഇതുവരെ കോവിഡ് കവര്‍ന്നത് 583 ജീവന്‍. മുംബൈയില്‍ മാത്രം 9,123 രോഗികളുണ്ട്. ധാരാവി ചേരിയില്‍ കോവിഡ് ബാധിതര്‍ 632. ഇവിടെ 20 പേര്‍ മരിച്ചു. താനെയില്‍ 1000 കിടക്കകളുള്ള ഐസലേഷന്‍ സംവിധാനം 3 ആഴ്ചയ്ക്കകം സജ്ജമാക്കും. മുംബൈയില്‍ നിരോധനാജ്ഞ 17 വരെ നീട്ടി. പുണെയില്‍ ഒരു പൊലീസുകാരന്‍ കൂടി മരിച്ചതോടെ കോവിഡ് മൂലം മരിച്ച പൊലീസുകാരുടെ എണ്ണം നാലായി.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച 135 മലയാളി നഴ്‌സുമാരില്‍ പകുതിയിലേറെപ്പേര്‍ ആശുപത്രി വിട്ടു. ജീവനക്കാര്‍ രോഗബാധിതരായതിനെത്തുടര്‍ന്ന് അടച്ചിട്ട സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികില്‍സയുമായി സജീവമായിത്തുടങ്ങി.
കര്‍ണാടകയില്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്ന ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷം. രോഗികള്‍ 651. മരണം 27.
കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ തയാറെടുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍. കോവിഡ് ലോക്ഡൗണില്‍ ഡല്‍ഹി ഇളവുകള്‍ നല്‍കിയതിനെ ചൊല്ലി കേന്ദ്രവും സംസ്ഥാനവും തര്‍ക്കത്തില്‍.
ഡല്‍ഹി വീണ്ടും തുറക്കേണ്ടതുണ്ടെന്നും രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടാന്‍ സജ്ജമാണെന്നുമാണു കേജ്രിവാള്‍ പറുയന്നത്. കര്‍ശന നിയന്ത്രണം വേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണു ഡല്‍ഹിയെന്നും ചെറിയ ഇളവു പോലും കോവിഡ് പടരാന്‍ കാരണമാകുമെന്നും കേന്ദ്രം നിലപാടെടുക്കുന്നു.
ഡല്‍ഹിയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ മൂന്നൂറോളം പേര്‍ക്കു കോവിഡ്. സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ 15ല്‍ ഒരാള്‍ വീതം ആരോഗ്യപ്രവര്‍ത്തകന്‍. ഇന്നലെയും 6 ഡോക്ടര്‍മാര്‍ക്കു രോഗം. മുപ്പതിലേറെ മലയാളി നഴ്‌സുമാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചു ജോലിക്കെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡോക്ടര്‍മാരുള്‍പ്പെടെ 16 ആരോഗ്യപ്രവര്‍ത്തകരാണു ചികില്‍സയില്‍. കര്‍ണാടകയില്‍ കോവിഡ് ബാധിച്ചതു 2 ഡോക്ടര്‍മാര്‍ക്ക്.
ഓഫിസ് ജീവനക്കാരനു കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തി രക്ഷാ സേനയുടെ ആസ്ഥാന മന്ദിരത്തിലെ 2 നില പൂര്‍ണമായി അടച്ചു. ബിഎസ്എഫ് ആസ്ഥാനത്തെ രണ്ടാം നിലയിലെ ഓഫിസില്‍ ജോലി ചെയ്തിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനാണു രോഗം കണ്ടെത്തിയത്
https://www.facebook.com/Malayalivartha
























