പശുവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസ്

രാജ്യം കോവിഡ് ഭീതിയിലായിരിക്കുമ്പോൾ നിയന്ത്രണങ്ങൾ പാലിക്കാതെ പശുവിന്റെ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍ പ്രദേശിലെ അലിഗഢിലാണ് സംഭവം. ചടങ്ങില്‍ പങ്കെടുത്ത നൂറിലധികം പേര്‍ സ്ത്രീകളാണ്. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന കാലത്ത് ഇത്തരം ചടങ്ങുകളെല്ലാം തന്നെ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.
കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും മറ്റ് 125 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. മെംമ്ദി ഗ്രാമത്തിലാണ് പശുവിന്‍െറ ജഡവുമായി വിലാപയാത്ര നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പശുവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ നിരവധി പേര്‍ പങ്കെടുക്കുന്നത് ഇവിടെ സ്വാഭാവികമാണ്. നാട്ടുകാര്‍ വലിയ പ്രാധാന്യത്തോടെയാണ് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഈ പശു ഏറെക്കാലമായി ഈ ഗ്രാമത്തില്‍ ഉള്ളതാണെന്നും അതിനാല്‍ മരണാനന്തരച്ചടങ്ങ് നടത്തേണ്ടത് തങ്ങളുടെ അവകാശമാണെന്നുമുള്ള നിലപാടിലാണ് നാട്ടുകാര്‍. കേസടക്കം എന്ത് നടപടിയെടുത്താലും നേരിടാന്‍ തയ്യാറാണെന്നാണ് ഇവര്‍ പറയുന്നത്. ആളുകള്‍ സാമൂഹിക അകലം പാലിക്കാതെ മാസ്ക് ധരിക്കാതെയാണ് ചടങ്ങ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha