കിഷ്ത്വാറില്‍ കിടുക്കി വീരന്‍മാര്‍; കാശ്മീരില്‍ ഭീകരവാദി താവളം തകര്‍ത്തു

കൊവിഡ് 19 വ്യാപനം ജീവന് വെല്ലുവിളി സൃഷ്ടിക്കുമ്പോഴും രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച കാട്ടാതെ ഇന്ത്യന്‍ സൈന്യം. ജമ്മു-കാശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും പൊലീസും നടത്തിയ ഓപ്പറേഷനില്‍ ഭീകരവാദികളുടെ ഒളിത്താവളം തകര്‍ത്തു. കലാപങ്ങള്‍ നടത്താനായി സംഭരിച്ച നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഛാഛ വനത്തിനുള്ളില്‍ ഇന്നലെയായിരുന്നു സംയുക്ത നീക്കം നടത്തിയത്.
എ.കെ 56 തോക്ക്, 27 റൗണ്ട് വെടിയുതിര്‍ക്കാവുന്ന തരത്തില്‍ തിര നിറക്കാവുന്ന റൈഫിള്‍ മാഗസിന്‍, ഒരു അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, 9 എം.എം കൈത്തോക്ക്, ആറ് റൗണ്ട് വെടിയുതിര്‍ക്കാവുന്ന തരത്തിലുള്ള പിസ്റ്റള്‍ മാഗസിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. പാക് ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിച്ച ആയുധങ്ങള്‍ ഇവിടെ എത്തിക്കാന്‍ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്നാണ് സംശയം. ഇത്തരക്കാരെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നുണ്ട്. നേരത്തെ പുല്‍വാമ ജില്ലയിലും ഭീകരവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തിരുന്നു. രോഗ വ്യാപന കാലത്ത് സര്‍ക്കാരിന്റെ ശ്രദ്ധ മാറിയത് അവസരമാക്കിയാണ് ഭീകര വാദികള്‍ പ്രവര്‍ത്തനം സജീവമാക്കിയത്.
ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു, കനത്ത ജാഗ്രത പുലര്‍ത്താന്‍ സൈനികര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കൂടാതെ ജമ്മു കാശ്മീരില്‍ സുരക്ഷാഭടന്മാര്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെയും വടക്കേ ഇന്ത്യയിലെയും മുഴുവന്‍ സി.ആര്‍.പി.എഫ് യൂണിറ്റുകളോടും ജാഗരൂകമാകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു, ആവശ്യമെങ്കില്‍ വിവിധയിടങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കാനും നിര്‍ദ്ദേശം നൽകി.
https://www.facebook.com/Malayalivartha