പ്രധാനമന്ത്രി മോഡിയുടെ സ്വകാര്യവെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വകാര്യവെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ജോണ്‍ വിക്ക് എന്ന പേരില്‍ പരിചയപ്പെടുത്തിയ വ്യക്തി/സംഘമാണ് ഹാക്ക് ചെയ്തത്. അതേസമയം പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ സുരക്ഷിതമാണെന്ന് പി.എം.ഒ. അറിയിച്ചു.
ബി.ജെ.പി കൈകാര്യം ചെയ്തിരുന്ന നരേന്ദ്രമോഡി ഡോട്ട് ഇന്‍ എന്ന വെബ് സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ട് ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സംഭാവനകള്‍ ഒരു ക്രിപ്റ്റോകറന്‍സി വാലറ്റിലേക്ക് അയക്കാനുള്ള സന്ദേശവുമെത്തി.
എന്നാല്‍ തങ്ങളെക്കുറിച്ചുള്ള ഒരു വ്യാജവാര്‍ത്ത തിരുത്താന്‍ മാത്രമാണു ഹാക്കിങ് കൊണ്ട് ലക്ഷ്യമിട്ടതെന്ന് ജോന്‍ വിക്ക് എന്ന ഹാക്കര്‍ പറയുന്നു. ജനപ്രിയ പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ ഓണ്‍െലെന്‍ റീട്ടെയ്ല്‍ സംരംഭമായ പേടിഎംമാള്‍ തങ്ങളാണ് ഹാക്ക് ചെയ്തതെന്ന് വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അതു ഞങ്ങളല്ല എന്നു കാട്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഇ മെയില്‍ അയച്ചെങ്കിലും ആരും പ്രതികരിച്ചില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് മോഡിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകള്‍ പറയുന്നു. ഇവ പിന്നീട് നീക്കം ചെയ്തു.
വെബ്‌സൈറ്റ് വഴിയാണ്, ട്വിറ്റര്‍ അക്കൗണ്ട് വഴിയല്ല ഹാക്കിങ് നടന്നതെന്നും ഹാക്കര്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നടപടി തുടങ്ങിയെന്നുമാണ് ട്വിറ്ററിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha


























