ഒരു മിനിറ്റില്‍ 600 വെടിയുണ്ടകള്‍ പായിക്കാന്‍ ശേഷിയുള്ള അത്യാധുനിക എകെ-203 റൈഫിള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ടു

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ റഷ്യ സന്ദര്‍ശന വേളയില്‍ എകെ 47 റൈഫിളുകളുടെ ആധുനിക പതിപ്പായ എകെ-203 റൈഫിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി റഷ്യയുമായി നിര്‍ണായക കരാറില്‍ ഇന്ത്യ ഒപ്പിട്ടു. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്‌നിക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്മോള്‍ ആംസ് സിസ്റ്റത്തിലെ (ഐഎന്‍എസ്എഎസ്) 5.56×45 എംഎം റൈഫിളുകള്‍ക്ക് പകരമായിരിക്കും എകെ-203 റൈഫിള്‍ ഉപയോഗപ്പെടുത്തുക. ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമായിട്ടുള്ളത്് 7.7 ലക്ഷം എകെ-203 റൈഫിളുകളാണ്. ഇതില്‍ ഒരു ലക്ഷം എണ്ണം ഇറക്കുമതി ചെയ്യാനും ബാക്കിയുള്ളവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുമാണ് തീരുമാനം.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിര്‍മിക്കുന്ന എകെ-203 റൈഫിള്‍ യുപിയിലെ അമേഠിയില്‍ 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കോര്‍വ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിന്നാകും പുറത്തിറങ്ങുക. ഒരു മിനിറ്റിനുള്ളില്‍ 600 വെടിയുണ്ടകള്‍ പായിക്കാനുള്ള കഴിവ് കലാഷ്‌നിക്കോവ് കമ്പനി നിര്‍മിക്കുന്ന അത്യാധുനിക റൈഫിളുകള്‍ക്കുണ്ട്.
1100 ഡോളറാണ് ലോകത്തില്‍ നിലവില്‍ ഏറ്റവും മാരകമായ ആക്രമണായുധമായി വിലയിരുത്തപ്പെടുന്ന ഓരോ എകെ-203 റൈഫിളിനും ചെലവ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക കൈമാറ്റത്തിനും നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനും ഉള്‍പ്പെടെ വരുന്ന ചെലവാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























