മരണ മുഖത്ത് ചൈനീസ് പൗരൻമാർക്ക് രക്ഷകരായത് ഇന്ത്യൻ സേന; ഇതാണ് ഇന്ത്യൻ സേന

ധീരതയ്ക്കും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ് നമ്മുടെ ഇന്ത്യൻ സേന. സേനയുടെ മാനുഷിക മനോഭാവം ഏറെ ആദരവ് നേടിയിട്ടുള്ളതാണ്. ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം, നമ്മുടെ സൈന്യം അവസരത്തിനൊത്ത് സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടുമുണ്ട്. അതിനു ശത്രു രാജ്യമെന്നോ മിത്ര രാജ്യമെന്നോ യാതൊരു വേർതിരിവും കാണിച്ചിട്ടുമില്ല.
ആർമി ദിനത്തിൽ ഗർഭിണിയായ യുവതിക്ക് സഹായവുമായി കരസേന പ്രവർത്തകർ എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രസവവേദന അനുഭവപ്പെട്ട ഷമിമ എന്ന യുവതിയെ കടുത്ത മഞ്ഞുവീഴ്ചയ്ക്കിടെ നൂറോളം സൈനികരും 30 സിവിലയൻമാരും ചേർന്ന് നാലുമണിക്കൂറോളം ദുരം കനത്ത മഞ്ഞിലൂടെ ആശുപത്രിയിലെത്തിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ പ്രധാനമന്ത്രിയും സൈനികരെ അഭിനന്ദിച്ചിരുന്നു.
ഇപ്പോഴിതാ അതിർത്തിയിൽ ഇന്ത്യ - ചൈന ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ഇന്ത്യൻ സേന. വഴിതെറ്റി എത്തിയ ചൈനീസ് പൗരൻമാർക്ക് രക്ഷയൊരുക്കിയാണ് ഇത്തവണ ഇന്ത്യൻ സൈന്യം കയ്യടി നേടിയിരിക്കുന്നത്. . അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടെയാണ് ചൈനീസ് സംഘത്തിന് കൈത്താങ്ങായി ഇന്ത്യൻ സേന മാറിയത് എന്നതും ഏറെ പ്രശംസ അർഹിക്കുന്ന കാര്യമാണ്.
വടക്കൻ സിക്കിമിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് സംഭവം. വടക്കൻ സിക്കിമിലെ ഉയരമുള്ള പർവ്വതനിരകൾക്ക് സമീപത്താണ് വഴിതെറ്റി ചൈനീസ് ട്രക്കിങ് സംഘമെത്തിയത്. 175000 അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് എത്തിയ ചൈനീസ് സംഘത്തിന് കൈവശം ഭക്ഷണം പോലുമില്ലായിരുന്നു. കൂടാതെ ഇത്രയും ഉയരത്തിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തിരുന്നു. മരണത്തെ മുഖാമുഖം കണ്ട ചൈനീസ് സംഘത്തിന് സഹായഹസ്തവുമായി ഇന്ത്യൻ സേനാംഗങ്ങൾ അവിടേക്ക് എത്തുകയായിരുന്നു
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന ചൈനീസ് പൗരന്മാരുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ ഇന്ത്യൻ സൈനികർ ഓക്സിജൻ, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൈദ്യസഹായം എത്തിച്ചു നൽകി. അതിജീവിക്കാൻ ഏറെ ബുദ്ധിമുട്ടേറിയ കാലാവസ്ഥയിലാണ് ഇന്ത്യൻ സൈനികരുടെ സഹായം ലഭിച്ചത്. വഴി മനസിലാക്കാനാകാതെ വിഷമിച്ചുനിന്ന സംഘത്തിന് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള മാർഗനിർദേശം ഇന്ത്യൻ സേന നൽകുകയും ചെയ്തു. പെട്ടെന്നുള്ള സഹായത്തിന് ഇന്ത്യയോടും ഇന്ത്യൻ സൈന്യത്തോടും നന്ദി പറഞ്ഞാണ് ചൈനീസ് സംഘം മടങ്ങിയത്.
അതേസമയം കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകക്കരയ്ക്കുതെക്കുള്ള കുന്നുകളിൽ ആധിപത്യംസ്ഥാപിക്കാനുള്ള ചൈനീസ് ശ്രമത്തോടെ യഥാർഥ നിയന്ത്രണരേഖയിൽ വീണ്ടും ഉടലെടുത്ത സംഘർഷം തുടരുകയാണ്. കര-വ്യോമ അതിർത്തിരക്ഷാസേനാ തലവന്മാർ പോർമുഖങ്ങളിൽ നേരിട്ടെത്തി ഇന്ത്യൻ സൈന്യത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.
യഥാർഥ നിയന്ത്രണരേഖയിലുടനീളം സ്ഥിതി ഗുരുതരമാണെന്നാണ് ദ്വിദിനസന്ദർശനത്തിനായി ലേയിലെത്തിയ കരസേനാമേധാവി ജനറൽ എം.എം. നരവണെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇന്തോ-ടിബറ്റൻ അതിർത്തിസേനാതലവൻ എസ്.എസ്. ദെസ്വാൾ ആറുദിവസം സൈനിക ഒരുക്കങ്ങൾക്കായി അതിർത്തിയിൽ തങ്ങിയിരിക്കയാണ്.
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ചൈന നടത്തിയ കടന്നുകയറ്റശ്രമത്തിനുപിന്നാലെ തിങ്കളാഴ്ച മുതലാണ് ബ്രിഗേഡ് കമാൻഡർതല ചർച്ച തുടങ്ങിയത്. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പാംഗോങ് തടാകത്തിന് പടിഞ്ഞാറുള്ള ഫിംഗർ നാലിൽനിന്ന് തെക്കുള്ള സ്പങ്കൂർ തടാകക്കരയിൽ പുതുതായി കൈയേറിയ സ്ഥലത്തുനിന്ന് ചൈന സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ, പാംഗോങ്ങിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നിൽനിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെൽമെറ്റ് ടോപ്പിൽനിന്നും ഇന്ത്യ പിന്മാറണമെന്നായിരുന്നു ചൈനയുടെ മുഖ്യ ആവശ്യം. സ്വന്തം സ്ഥലത്തുനിന്ന് ഇന്ത്യയും കൈയേറിയ സ്ഥലത്തുനിന്ന് ചൈനയും പിന്മാറാൻ തയ്യാറാവാത്തതോടെ ചർച്ചയിൽ ധാരണയിലെത്താനായില്ല
https://www.facebook.com/Malayalivartha


























