സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നയം പരാജയം; നരേന്ദ്ര മോദി അസംഘടിത മേഖലയ്ക്ക് ചരമക്കുറിപ്പ് എഴുതിയെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നു; ചെറുകിട-ഇടത്തരം ബിസിനസ് സംരഭങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം

കോവിഡിന്റെ തുടക്കത്തില്‍ മഹാമാരിയെ നേരിടാന്‍ രാജ്യത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പിലാക്കിയതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നയം പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്നൊരുക്കങ്ങള്‍ ഇല്ലാതെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നയം വന്‍ ദുരന്തമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അസംഘടിത മേഖലയ്ക്ക് ചരമക്കുറിപ്പ് എഴുതിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.'നോട്ട് നിരോധനം, ജിഎസ്ടി എന്നീ ആക്രമണങ്ങള്‍ക്ക് പിന്നാലെ അസംഘടിത മേഖലയില്‍ മോദി സര്‍ക്കാര്‍ നടത്തിയ മൂന്നാമത്തെ ആക്രമണമാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ അടച്ചുപൂട്ടല്‍. മുന്നൊരുക്കങ്ങളും മുന്നറിയിപ്പുകളുമില്ലാതെ അടച്ചുപൂട്ടല്‍ നടപ്പിലാക്കിയപ്പോള്‍ അത് ദിവസ വേതനക്കാര്‍ക്ക് വലിയ തിരിച്ചടിയായി,' രാഹുല്‍ പറഞ്ഞു.
'21 ദിവസത്തെ പോരാട്ടമാണെന്നാണ് നരേന്ദ്ര മോദി സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. എന്നാല്‍, വാസ്തവത്തില്‍ രാജ്യത്തെ അസംഘടിത മേഖലയുടെ നടുവൊടിക്കുന്ന തീരുമാനമായിരുന്നു അത്. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുക, ചെറുകിടഇടത്തരം ബിസിനസ് സംരഭങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക എന്നിവയെല്ലാമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങള്‍. എന്നാല്‍, സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അതിനുപകരം, വ്യവസായികളുടെ കോടിക്കണക്കിനു കടബാധ്യത എഴുതിതള്ളി സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ കോറോണ വൈറസിനെ തുരത്താനുള്ള പ്രതിവിധിയായില്ല, മറിച്ച് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും യുവാക്കളെയും ഈ അടച്ചുപൂട്ടല്‍ പ്രതികൂലമായി ബാധിച്ചു. ' രാഹുല്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha
























