അതും ഉത്തരമില്ലാത്ത ചോദ്യം; ആരോഗ്യ സേതു ആപ് നിര്‍മിച്ചത് ആരെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍; കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി

കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗദര്‍ശി. ഈ ഒരു ആപ്പില്ലാതെ ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്നോ ആര്‍ക്കും പോകാനോ വരാനോ സാധിക്കുമായിരുന്നില്ല. അതുപോലെ തന്നെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്ത് പോകണമെങ്കില്‍ പോലും ഇ-പാസിനൊപ്പം ആരോഗ്യ സേതു ആപും ആവശ്യമിയിരുന്നു. എന്നാല്‍ കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത ആരോഗ്യ സേതു മൊബൈല്‍ ആപ് നിര്‍മച്ചതാരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രസര്‍ക്കാര്‍. കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ആപ് നിര്‍മിച്ചത്. നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് ആപ് നിര്‍മിച്ചതെന്ന് ആരോഗ്യ സേതു വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങളും തങ്ങളല്ല ആപ് നിര്‍മിച്ചതെന്ന് അറിയിച്ചു. വിവരാവകാശപ്രകാരം വിവരം ആരാഞ്ഞതിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ആപ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പക്കലില്ലെന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ അറിയിച്ചു. ഐടി മന്ത്രാലയം, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു മറുപടി നല്‍കിയത്. ഇതെത്തുടര്‍ന്ന് ആരാണ് ആരോഗ്യസേതു ആപ് നിര്‍മിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കും ദേശീയ ഇ ഗവേണന്‍സ് ഡിവിഷനും വിവരാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിരുത്തരവാദിത്തപരമായി മറുപടി നല്‍കുന്നത്? വെബ്‌സൈറ്റിനെക്കുറിച്ച് അറിവില്ലെങ്കില്‍ എങ്ങനെയാണ് സര്‍ക്കാരിന്റെ ഡൊമൈനില്‍ വെബ്‌സൈറ്റ് നിര്‍മിച്ചതെന്നും കമ്മിഷന്‍ ചോദിച്ചു.
സാമൂഹ്യപ്രവര്‍ത്തകനായ സൗരവ് ദാസ് ആണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്. ആപ്പ് നിര്‍മിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍, ഇതിന്റെ അനുമതി സംബന്ധിച്ച വിവരങ്ങള്‍, നിര്‍മിച്ച കമ്പനിയുടെ പേര്, ആപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളും സര്‍ക്കാര്‍ വകുപ്പുകളും, ആപ്പ് ഡവലപ് ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചവരുമായി നടന്നിട്ടുള്ള ആശയവിനിമയത്തിന്റെ പകര്‍പ്പുകള്‍ തുടങ്ങിയവയായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha