സ്‌പെഷലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ സര്‍ജറി അടക്കം ചികിത്സയ്ക്ക് അനുമതി: വിശദീകരണവുമായി ആയുഷ് മന്ത്രാലയം

സ്‌പെഷലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ സര്‍ജറി അടക്കം ചികിത്സ നടത്താന്‍ ് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ (സിസിഐഎം) വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ 58 ശസ്ത്രക്രിയാ ചികിത്സകള്‍ക്ക് മാത്രമാണ് ഭേദഗതി ബാധകമെന്ന് മന്ത്രാലയം വ്യക്തമാക്കി.
58 ജനറല്‍ സര്‍ജറികള്‍ക്ക് ശല്യതന്ത്ര (ശസ്ത്രക്രിയ), ശാലക്യതന്ത്ര (ഇഎന്‍ടി, ദന്തചികിത്സ) എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്കാണ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച വിജ്ഞാപനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിമര്‍ശിച്ചിരുന്നു. മറ്റു ചികിത്സാവിധികള്‍ പഠിപ്പിക്കുന്ന കോളജുകളില്‍ അലോപ്പതി ഡോക്ടര്‍മാര്‍ പഠിപ്പിക്കാന്‍ പോകുന്നതു വിലക്കുകയും ചെയ്തു.
ആരും സ്വന്തം ശസ്ത്രക്രിയാ രീതി വികസിപ്പിക്കുന്നതിന് ഐഎംഎ എതിരല്ല. എന്നാല്‍ ചികിത്സാവിധികള്‍ കൂട്ടിക്കുഴയ്ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ വ്യക്തത വരുത്തണമെന്നും ഐഎംഎ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ആര്‍.വി.അശോകന്‍ പറഞ്ഞു. സിസിഐഎം തയാറാക്കിയ വിജ്ഞാപനത്തില്‍ ആധുനിക ചികിത്സാവിധികള്‍ക്കുള്ള പദപ്രയോഗങ്ങള്‍ ആവര്‍ത്തിച്ചതാണ് ഐഎംഎയുടെ പ്രതിഷേധത്തിന് കാരണം.
ആയുഷ് മന്ത്രാലയം ഐഎംഎ ഉന്നയിച്ച വാദങ്ങള്‍ തള്ളുകയാണ് ചെയ്തത്. നേരത്തേ തന്നെ ആയുര്‍വേദ പിജി സിലബസിന്റെ ഭാഗമായിരുന്ന 58 ചികിത്സാവിധികള്‍ റെഗുലേഷന്റെ ഭാഗമാക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ഡോക്ടര്‍മാരുടെ പരീശിലനം കൂടി ഉറപ്പാക്കാനാണിത്. ഇതു സംബന്ധിച്ചു പരാതികള്‍ കിട്ടിയിട്ടില്ല.
ശാസ്ത്രീയ പദാവലികളുടെ പിന്തുടര്‍ച്ചാവകാശം മാനവരാശിക്കുള്ളതാണ്. പൊതുജനങ്ങള്‍ക്കു കൂടി മനസ്സിലാകാനാണ് അലോപ്പതിയിലെ വാക്കുകളും ഉള്‍പ്പെടുത്തിയത്. ചികിത്സാവിധികള്‍ കൂട്ടിക്കുഴയ്ക്കുന്നതിന്റെ പ്രശ്‌നം ഇതിലില്ല - ആയുഷ് മന്ത്രാലയം വ്യക്തമാക്കി.
ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് അനസ്തീസിയ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ല. പ്രായോഗികമായോ നിയമപരമായോ ഇതിന് തടസ്സമില്ല. അത്യാഹിത വിഭാഗം, ഗൈനക്കോളജി തുടങ്ങി 8 വിഭാഗങ്ങളില്‍ അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ആയുര്‍വേദ ആശുപത്രികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ ചികിത്സാവിധികള്‍ പരസ്പരം സഹായിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും പുതിയ കാര്യമല്ലെന്ന്
കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി പി.എന്‍. രഞ്ജിത് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























