അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടുമൊരു തീരാനഷ്ടം.... അഹമ്മദ് പട്ടേലിന്റെ ബുദ്ധിയും നയവും തന്ത്രവുമായിരുന്നു കോണ്‍ഗ്രസിന്റെ കരുത്തും കരുതലും..

അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടുമൊരു തീരാനഷ്ടം. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 71കാരനായ അഹമ്മദ് പട്ടേല്‍ ഇന്ന് പുലര്‍ച്ചെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ അന്തരിച്ചത്. 45 വര്‍ഷമായി കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്ന അഹമ്മദ് പട്ടേല്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി, എഐസിസി ട്രഷറര്‍ തുടങ്ങിയ തലങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ള രാഷ്ട്രീയപ്രശ്നങ്ങളുടെയും തര്‍ക്കങ്ങളുടെയും തന്ത്രശാലിയായ പരിഹാരമധ്യസ്ഥന്‍ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.
ലോക് സഭയില്‍ മൂന്നു തവണയും രാജ്യസഭയില്‍ നാലു തവണയും എംപിയായിരിക്കെയും അധികാര പദവികളില്‍ നിന്നൊഴിഞ്ഞു നിന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു പട്ടേല്‍. ഒപ്പം ഗാന്ധിക്കുടുംബത്തിലെ വിശ്വസ്തനുമായിരുന്നു ഇദ്ദേഹം. യുപിഎ സര്‍ക്കാരിന് 2004ലും 2009ലും അധികാരത്തിലെത്തിക്കുന്നതിലും അക്കാലത്തുണ്ടായ പ്രതിസന്ധികളെ അതിവിദഗ്ധമായി പരിഹരിക്കുന്നതിലും അഹമ്മദ് പട്ടേലിന്റെ ബുദ്ധിയും നയവും തന്ത്രവുമായിരുന്നു കോണ്‍ഗ്രസിന്റെ കരുത്തും കരുതലും.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്തു വര്‍ഷവും കോണ്‍ഗ്രസിലെ സൗമ്യതയും പുഞ്ചിരിയും കലര്‍ന്ന ആദര്‍ശമുഖമായിരുന്നു ഗുജറാത്തില്‍ നിന്നുള്ള അഹമ്മദ് പട്ടേല്‍. ആഭ്യന്തരം, റെയില്‍വെ, പ്രതിരോധം തുടങ്ങിയ അത്യുന്നത വകുപ്പുകള്‍ ഏറ്റെടുക്കാന്‍ സാഹചര്യം വന്നപ്പോഴൊക്കെ ഒരു പദവിയും ആഗ്രഹിക്കാതെ പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തിയ ത്യാഗിയായ നേതാവായിരുന്നു പട്ടേല്‍. ഗുജറാത്തില്‍ നിന്നും ലോക്സഭയില്‍ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓഗസ്റ്റിലാണ് ഏറ്റവും ഒടുവില്‍ പട്ടേല്‍ രാജ്യസഭയില്‍ എത്തിയത്. എക്കാലവും ദേശീയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായരുടെ നിരയിലായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഒരു പട്ടേല്‍ കേന്ദ്രമന്ത്രിയായില്ല എന്നതാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
1977ലെ ജനതാതരംഗത്തിലും ഗുജറാത്തിലെ ബറൂച്ചില്‍നിന്ന് 28-ാംവയസില്‍ വിജയംവരിച്ച ഡല്‍ഹിയിലെത്തിയ അഹമ്മദ് പട്ടേല്‍ ഇന്ധിരാഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസിലെ മുന്‍നിര നായകമായി നിലകൊണ്ടു. ഓരോ പ്രതിസന്ധിയിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കാനുമുള്ള ദൗത്യമാണ് അഹമ്മദ് പട്ടേലിനുണ്ടായിരുന്നത്. എക്കാലവും എകെ ആന്റണിയുടെ ആത്മസുഹൃത്തായിരുന്നു ആദര്‍ശം ആപ്തവാക്യമാക്കിയ ഈ ഗുജറാത്തുകാരന്‍.
കഴിഞ്ഞ മാസം ഒന്‍പതിന് കോവിഡ് ബാധിതനായപ്പോള്‍ തന്നോടു സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ആരോഗ്യനില വഷളായ അഹമ്മദ് പട്ടേലിനെ നവംബര്‍ 15നാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജീവ് ഗാന്ധിയില്‍ തുടങ്ങിയ അകാല ആള്‍നഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദുരന്തമായി ഇന്നും വേട്ടയാടുകയാണ്. മാധവറാവു സിന്ധ്യ. രാജേഷ് പൈലറ്റ്, വൈഎസ് രാജശേഖരറെഡ്ഡി തുടങ്ങി ഒരു നിര പ്രമുഖര്‍ക്കു പിന്നാലെ അഹമ്മദ് പട്ടേലും ഓര്‍മയിലേക്ക്.
https://www.facebook.com/Malayalivartha























