വ്യക്തികളുടെ ഭൂമി നിയമപരമായല്ലാതെ കൈവശം വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

പൊതുആവശ്യത്തിനായി ഉപയോഗിക്കാനുള്ള അവകാശം വ്യക്തമാക്കി 1963 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കൈവശം വയ്ക്കുന്ന ബെംഗളുരുവിലെ 4 ഏക്കറിലധികം ഭൂമി വിട്ടുകിട്ടാന്‍ ബി.കെ. രവിചന്ദ്രയും മറ്റും നല്‍കിയ ഹര്‍ജി പരിഗണിക്കവേ, വ്യക്തികളുടെ ഭൂമി നിയമപരമായല്ലാതെ കൈവശം വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നത് നിയമരാഹിത്യം സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമെന്ന് സുപ്രീം കോടതി. വസ്തുവിന്‍മേല്‍ വ്യക്തികള്‍ക്കുള്ള അവകാശം മൗലികമല്ലെങ്കിലും ഭരണഘടനാപരം തന്നെയാണെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍ക്കാരിനുള്ള കൈവശാവകാശം 1987-ല്‍ അവസാനിച്ചു. 33 വര്‍ഷമായി ഭൂമി സര്‍ക്കാര്‍ കൈവശംവയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഭൂമി വിട്ടുകിട്ടാന്‍ ബി.കെ. രവിചന്ദ്രയും മറ്റും നല്‍കിയ ഹര്‍ജി കോടതിച്ചെലവു സഹിതം അനുവദിച്ചു. ജഡ്ജിമാരായ ഇന്ദിര ബാനര്‍ജി, എസ്.രവീന്ദ്ര ഭട്ട് എന്നിവരുടേതാണ് വിധി. ഭൂമി 3 മാസത്തിനകം വിട്ടുനല്‍കണം. ഹര്‍ജിക്കാര്‍ക്കു കേന്ദ്രം കോടതിച്ചെലവായി 75,000 രൂപ നല്‍കണം.
ഭൂമിയവകാശം മൗലികമല്ലാതാക്കിയെങ്കിലും നിയമത്തിലൂടെയുള്ള സംരക്ഷണം നിലനില്‍ക്കുന്നു. സാമ്പത്തികമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങള്‍ക്കായുള്ള മൂല്യവത്തായ അവകാശമാണത്. സര്‍ക്കാരുകളുടെ നിയമവിരുദ്ധ നടപടി കോടതി അനുവദിച്ചുകൊടുത്താല്‍, സദുദ്ദേശ്യം പറഞ്ഞു പിന്നീടു നടപടിയെ സര്‍ക്കാര്‍ ന്യായീകരിക്കുന്ന സ്ഥിതിയുണ്ടാവുമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് എഴുതിയ വിധിന്യായത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























