ഗൂഗിൾ ആപ്പിലൂടെ ഇനി എല്ലാവർക്കും ജോലി ശമ്പളം അകൗണ്ടിൽ വരും ;ടാസ്‌ക് മെയ്റ്റ് ശ്രദ്ധയാകർഷിക്കുന്നു
അധികം താമസിയാതെ ഗൂഗിള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ടെസ്റ്റു ചെയ്യുന്ന ആപ്പായ ടാസ്‌ക് മെയ്റ്റിലൂടെ ഉപയോക്താക്കള്‍ക്ക് പണം സമ്പാദിക്കാം. ഗൂഗിള്‍ നല്‍കുന്ന ചെറിയ ജോലികള്‍ ചെയ്താല്‍ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. ആപ് ഇപ്പോള്‍ അതിന്റെ ബീറ്റാ അവസ്ഥയിലാണ്. ചില പദസമുച്ചയങ്ങള്‍ (phrase) റെക്കോഡു ചെയ്യുക, ചില കടകളുടെയും മറ്റും ഫോട്ടോ എടുത്തു നല്‍കുക തുടങ്ങിയ ജോലികളായിരിക്കും ചെയ്യേണ്ടത്. ഗൂഗിളിന്റെ നേരത്തെയുള്ള ഒപ്പീനിയന്‍ റിവോഡ്‌സ് ആപ്പിനു സമാനമായിരിക്കും പുതിയ ആപ്പിന്റെയും പ്രവര്‍ത്തനം. ഒപ്പീനിയന്‍ റിവോഡ്‌സ് ഇപ്പോള്‍ത്തന്നെ പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. എന്നാല്‍, അതില്‍ നിന്നു ലഭിക്കുന്ന പണം പ്ലേ സ്റ്റോറിലേക്കുള്ള ക്രെഡിറ്റായാണ് ലഭിക്കുന്നത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ഈ ആപ് ഉപയോക്താക്കള്‍ ചെയ്യേണ്ട കാര്യം. തുടര്‍ന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പ്ലേ മൂവിസില്‍ നിന്ന് സിനിമകളോ, പ്ലേ ബുക്‌സില്‍ നിന്ന് പുസ്തകങ്ങളോ എല്ലാം വാങ്ങാം. എന്നാല്‍, ഇതില്‍ നിന്നു ലഭിക്കുന്ന തുക പണമായി ലഭിക്കില്ല. ബാങ്കിലേക്ക് പൈസയായി പരിവര്‍ത്തനം ചെയ്യാനാവില്ല.
എന്നാല്‍, അതല്ല ടാസ്‌ക് മെയ്റ്റിന്റെ കാര്യം. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. നിങ്ങള്‍ ചില കടകളുടെ മുന്‍ഭാഗത്തിന്റെ ഫോട്ടോ എടുത്തു നല്‍കേണ്ടതായി വരും. ചില കടകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ടതായി വരും, ചില വാചകങ്ങളുടെ വിശദീകരണങ്ങള്‍ നല്‍കേണ്ടതായും വരും. ഇങ്ങനെ ലഭിക്കുന്ന പണം ആപ്പില്‍ നിന്ന് ഉപയോക്താവിന്റെ ഇ-വാലറ്റിലേക്ക് നീക്കാം. അല്ലെങ്കല്‍ ഏതെങ്കിലും ഇന്‍-ആപ് പെയ്‌മെന്റ് സിസ്റ്റത്തിലൂടെയും പണമാക്കാം. ആപ് സെറ്റ്-അപ് ചെയ്യുന്ന സമയത്തു തന്നെ ഇ-വോലറ്റ് വിശദാംശങ്ങളും ഉള്‍ക്കൊള്ളിക്കണം. നിലവില്‍ ഇത് ബീറ്റാ വേര്‍ഷനിലാണ്. ആപ് ഡൗണ്‍ലോഡ് ചെയ്യാനായാല്‍ പോലും, ആരെങ്കിലും നിങ്ങളെ ക്ഷണിച്ചാല്‍ മാത്രമെ നിങ്ങള്‍ക്ക് ഇപ്പോള്‍ ആപ് ഉപയോഗിക്കാനാകൂ. എന്നാണ് ഈ ആപ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന് ഗൂഗിള്‍ പറഞ്ഞിട്ടില്ല. പക്ഷേ, അധികം താമസിയാതെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
∙ ജിയോ പ്ലാറ്റ്‌ഫോംസിന്റെ 7.73 ശതമാനം ഓഹരിക്കുള്ള 33,737 കോടി രൂപ ഗൂഗിള്‍ കൈമാറി
റിലയന്‍സ് ജിയോയുടെ 7.73 ശതമാനം ഓഹരി വാങ്ങാനായി ഗൂഗിള്‍ 33,737 കോടി രൂപ കൈമാറി. ഇതോടെ, കേവലം 11 ആഴ്ചയ്ക്കിടയില്‍ 33 ശതമാനം ഓഹരി 13 നിക്ഷേപകര്‍ക്കായി വിറ്റ് ജിയോ പ്ലാറ്റ്‌ഫോംസ് 1.52 ലക്ഷം കോടി രൂപ സമാഹരിച്ചിരിക്കുകയാണ്. ഇതാണ് ഗൂഗിള്‍ ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ നിക്ഷേപം.
ട്വിറ്ററിനും ദേശി എതിരാളി
ഇന്ത്യയില്‍ നിന്ന് ട്വിറ്റര്‍ പുറത്താകുമോ? ട്വിറ്ററിന് പുതിയ പ്രാദേശിക എതിരാളി എത്തിയിരിക്കുകയാണ്. ടൂട്ടര്‍ (Tooter) എന്നാണ് പുതിയ സേവനത്തിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വദേശി സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വേണ്ടത് അതിനാലാണ് തങ്ങള്‍ ടൂട്ടര്‍ അവതരിപ്പിക്കുന്നതെന്നാണ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അമേരിക്കന്‍ കമ്പനിയായ ട്വിറ്ററിന്റെ കോളനി ആയിരിക്കുകയല്ല ഇന്ത്യ ചെയ്യേണ്ടത് എന്നാണ് ആപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പോലെയാണ്. പക്ഷേ, ടൂട്ടര്‍ സ്വദേശി ആന്ദോളന്‍ 2.0 ആണ്, അവര്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടൂട്ടറില്‍ ഔദ്യോഗിക അക്കൗണ്ട് ഉണ്ട്. ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ, പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ക്കും ബിജെപിയ്ക്കും വേരിഫൈഡ് അക്കൗണ്ടുകള്‍ ഉണ്ട്. ടൂട്ടര്‍ എന്നും ടൂട്ടര്‍ പ്രോ എന്നും രണ്ടു വേര്‍ഷനുകള്‍ ഉണ്ട്. പ്രോ വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ പ്രതിവര്‍ഷം 1000 രൂപ നല്‍കണം.
https://www.facebook.com/Malayalivartha























