മോഹങ്ങൾ വെറുതെയായി... സോണിയ വെട്ടിനിരത്തി മുരളിയും സുധാകരനും വരില്ല

ഡല്‍ഹി വിട്ടു കേരളത്തില്‍ മുന്‍നിര മന്ത്രിയാകാമെന്ന നാലു കോണ്‍ഗ്രസ് എംപിമാരുടെ നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് വെട്ടിനിരത്തിയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ ഒരു എംപിയും മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായതോടെ കെ മുരളീധരന്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ ആദിയായവരുടെ കണക്കുകൂട്ടലുകള്‍ പാളി.
ഡല്‍ഹിയിലേക്ക് പറഞ്ഞുവിട്ടവര്‍ രണ്ടു കൊല്ലം തികയ്ക്കും മുന്‍പേ ഇങ്ങോട്ടുപേരെണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി മാത്രമല്ല യൂത്ത് കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം പറഞ്ഞതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ തിട്ടൂരം സോണിയാജി പ്രഖ്യാപിച്ചിരിക്കുന്നത്.
ആകെ കോണ്‍ഗ്രസിന് 18 എംപിമാര്‍ തികച്ചുള്ള സംസ്ഥാനം കേരളമാണ്. ഇപ്പോഴത്തെ നിലയില്‍ ഉപതെരഞ്ഞെടുപ്പിണ്ടായാല്‍ ലോക് സഭാ സീറ്റുകളില്‍ ജയിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സോണിയാജി തീരുമാനം പറഞ്ഞിരിക്കുന്നത്.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ലെന്ന നിലപാടാണ് വ്യക്തമായി ഹൈക്കമാന്‍ഡ് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെന്നല്ല ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ കേരളത്തില്‍ പരീക്ഷിക്കാനുള്ള നീക്കത്തിനും കോണ്‍ഗ്രസ് നേതൃത്വം തടയിട്ടേക്കാം.
ഡല്‍ഹിയില്‍ ഒന്നും ചെയ്യാനില്ലെന്നും അവിടെ തങ്ങള്‍ക്കു റോളൊന്നുമില്ലെന്ന പച്ചയ്ക്ക് പറഞ്ഞ് കെ മുരളീധരനും കെ സുധാകരനുമാണ് കേരളം പറ്റാന്‍ ആവേശം കാണിച്ചത്. കെ കരുണാകരന്‍ ക്രൗഡ് പുള്ളര്‍ എന്നു വിശേഷണം ചാര്‍ത്തിയ മകന്‍ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിവയ്ക്കുകയും ചെയ്തിരുന്നു.
കെ സുധാകരന്‍ കണ്ണൂരില്‍ സഖാക്കള്‍ക്കെതിരെ അങ്കം വെട്ടാനായിരുന്നു താല്‍പര്യം. ഡല്‍ഹിയില്‍ ഗ്രൂപ്പുകളിക്കും ആള്‍പ്പെരുമയ്ക്കും പ്രസക്തിയില്ലെന്നു കണ്ടതോടെ ജയിച്ചുപോയ വേറെയും ചില എംപിമാര്‍ കേരളത്തിലേക്ക് കുടിയേറാനുള്ള താല്‍പര്യത്തിലായിരുന്നു.
അടൂര്‍ പ്രകാശും ബെന്നി ബെഹനാനും മത്സരിച്ച് മന്ത്രിയാകാന്‍ മോഹം ഉള്ളിലൊതുക്കി നാലഞ്ചു മാസമായി നടക്കുകയാണ്. നാലു പേര്‍ക്കും പിന്നില്‍ ജാതി എന്ന അനുകൂല ഘടകമുള്ളതിനാല്‍ നാലു പേരും മന്ത്രിസ്ഥാനം ഏതെന്നു വരെ മനസില്‍ കണക്കുകൂട്ടിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നു. കോണ്‍ഗ്രസിനെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് നയിക്കുമെന്ന് ഹൈക്കമാന്റ് ഉത്തരവ് പറഞ്ഞതോടെ മുരളീധരനും കെ സുധാകരനും ഗ്രൂപ്പുകളിയുമായി മുന്നോട്ടു വരേണ്ടെന്ന നിലപാടാണ് സോണിയ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടിയെ ആരും ഒറ്റക്ക് നയിക്കില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കിയതോടെ തല്‍ക്കാലും മുഖ്യമന്ത്രി സ്ഥാനം ഉയര്‍ത്തി ജാതിക്കളി വേണ്ടെന്നും സോണിയ വ്യക്തമാക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയര്‍മാന്‍ ആക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിച്ചുകൊണ്ടിരിക്കെ ഭരണം പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കേ സാധ്യതയുള്ളുവനെന്നും എല്ലാ സമുദായങ്ങളെയും ഒരുമിച്ചു നിറുത്താന്‍ ഉമ്മന്‍ ചാണ്ടിക്കേ പറ്റൂ എന്നുമുള്ള സൂചനയാണ് പുറത്തുവരുന്നത്.
നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി ഉന്നത നേതൃത്വത്തില്‍ അഴിച്ചുപണി ഗുണം ചെയ്യില്ലെന്ന് ഹൈക്കമാന്റ് തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ വയനാട്, കൊല്ലം, എറണാകുളം, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ കെപിസിസിയുയുമായി ആലോചിച്ച് നടപടിയെടുക്കും. എങ്ങനെയും കേരളത്തില്‍ അധികാരം പിടിക്കാനുള്ള ഉറച്ച നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
https://www.facebook.com/Malayalivartha

























