ജനുവരി 16 മുതൽ രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങും ;കേരളത്തിന് മുൻഗണന
അടുത്ത ശനിയാഴ്ച, അതായത് ജനുവരി 16 മുതൽ രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങാനിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്സീൻ വിതരണ പദ്ധതി നടക്കാൻ പോകുന്നു. ലോകം തന്നെ ഇന്ത്യയെ ഉറ്റുനോക്കുകയാണ് വാക്സീൻ വിതരണത്തിൽ. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ഒന്നരലക്ഷത്തോളം പേരാണ് മരിച്ചത്. ഒരു കോടിയോളം പേർക്ക് രോഗം കണ്ടെത്തി. രോഗവ്യാപനം ഫലപ്രദമായി തടയാൻ എത്രയും പെട്ടെന്ന് വാക്സീൻ വിതരണം നടത്തുക തന്നെയാണ് പോംവഴിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് വിതരണം ചെയ്യുക.
മകരസംക്രാന്തി, ലോഹ്‍രി, പൊങ്കൽ, മാഖ് ബിഹു എന്നീ ആഘോഷങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 16 മുതൽത്തന്നെ വാക്സിൻ വിതരണം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.വാക്സീൻ വിതരണത്തിൽ പ്രഥമപരിഗണന 3 കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കാണ്. ഇവർ പ്രത്യേകം റജിസ്റ്റർ ചെയ്യേണ്ടതില്ല. ഇവരുടെ വിവരങ്ങൾ നേരത്തേതന്നെ കൊവിൻ എന്ന ആപ്ലിക്കേഷനിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകൾ അപ്‍ലോഡ് ചെയ്തിട്ടുള്ളതാണ്. വാക്സീൻ സ്റ്റോക്കുകളെക്കുറിച്ചും, എത്ര പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു എന്നതിനെക്കുറിച്ചും തത്സമയം, റിയൽടൈമായി, വിവരങ്ങൾ നൽകാൻ ഈ കൊവിൻ ആപ്ലിക്കേഷന് കഴിയും.
ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ പിന്നെ പരിഗണിക്കുന്നത് 50 വയസ്സിന് മുകളിലുള്ളവരെയാണ്. അമ്പത് വയസ്സിന് താഴെയുള്ള, മരണകാരണമായേക്കാവുന്ന രോഗങ്ങളുള്ള, അവശതകളുള്ള, ശാരീരികവിഷമതകളുള്ള, പ്രത്യേകപരിചരണം ആവശ്യമുള്ളവരെയും ഇക്കൂട്ടത്തിൽ പരിഗണിക്കും. രാജ്യത്തെമ്പാടുമായി ഏതാണ്ട് 27 കോടിയോളം ആളുകൾ ഇങ്ങനെയുണ്ട് എന്നാണ് കണക്കുകൂട്ടൽ.വാക്സീൻ വിതരണം ചെയ്യേണ്ട എല്ലാവരും കൊവിൻ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്. അതിനാൽ, ഏറ്റവും പുതിയ വോട്ടർപട്ടിക നോക്കിയാണ് 50 വയസ്സിന് മുകളിൽ ഉള്ളവരെ കണ്ടെത്തുന്നതും വാക്സീൻ വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിക്കുന്നതും.
https://www.facebook.com/Malayalivartha

























