ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി സമരക്കാര്‍ അടിച്ചുതകര്‍ത്തു; പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു; പ്രദേശത്ത് വൻ പോലീസ് സുരക്ഷ

കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങളെ കുറിച്ച് കര്‍ഷകരുമായി സംവദിക്കാനും ഗ്രാമസന്ദര്‍ശനം നടത്താനുമായി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദി സമരക്കാര്‍ അടിച്ചുതകര്‍ത്തു. മഹാകിസാന്‍ പഞ്ചായത്ത് എന്ന പരിപാടിയുടെ കര്‍ണാലിലെ വേദിയാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് ഖട്ടര്‍ പരിപാടി റദ്ദാക്കി.
പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. നിരവധി പൊലീസുകാരെയും വിന്യസിച്ചിരുന്നു. എന്നാല്‍ വേദിയിലേക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.തുടര്‍ന്ന് കര്‍ഷകരും പൊലീസും ഏറ്റുമുട്ടി. സമരക്കാര്‍ വേദി നശിപ്പിക്കുകയും കസേരകള്‍ വലിച്ചെറിയുകയും പോസ്റ്ററുകള്‍ വലിച്ചു കീറി നശിപ്പിക്കുകയും ചെയ്‌തു.
സ്ഥലത്തേക്കുള്ള എല്ലാവഴികളും പൊലീസ് അടച്ചിരിക്കുകയാണ്. നിലവില്‍ വിന്യസിച്ചിരിക്കുന്നവര്‍ക്ക് പുറമെ അയല്‍ ജില്ലകളില്‍ നിന്നും പൊലീസിനെ സംഘര്‍ഷ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. കൂടാതെ, സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഡ്യൂട്ടി മജസ്‌ട്രേറ്റുമാരെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha

























