വിവിധ നിയമങ്ങൾ ഇല്ലാതാക്കിയും ക്രോഡീകരിച്ചും നാലു സമഗ്രനിയമങ്ങൾ; പുതുക്കിയ തൊഴില്‍ നിയമങ്ങളുടെ ചട്ടങ്ങൾ തയ്യാറാക്കുന്ന പ്രക്രിയ ഈ മാസംതന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര!

പാർലമെന്റ് പാസാക്കിയ വ്യവസായബന്ധം, സാമൂഹികസുരക്ഷ, തൊഴിൽസുരക്ഷ-ആരോഗ്യം എന്നീ നിയമസംഹിത(കോഡ്)കളുടെ ചട്ടങ്ങൾ ഈ മാസം അവസാനത്തോടെ പുറത്തിറക്കും. ഇതോടെ നിയമങ്ങൾ നേരത്തേ പ്രഖ്യാപിച്ച ഏപ്രിൽ ഒന്നിനുമുമ്പുതന്നെ പ്രാബല്യത്തിലാകാനുള്ള സാധ്യതയേറി. ചട്ടങ്ങൾ തയ്യാറാക്കുന്ന പ്രക്രിയ ഈ മാസംതന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്രയാണ് മാധ്യമങ്ങളെ അറിയിച്ചത്. വിവിധ നിയമങ്ങൾ ഇല്ലാതാക്കിയും ക്രോഡീകരിച്ചുമാണ് നാലു സമഗ്രനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നത്. തൊഴിൽരംഗത്ത് സമഗ്രമാറ്റങ്ങൾക്ക് വഴിവെക്കുന്ന നിയമപരിഷ്കരണങ്ങൾ പ്രബല തൊഴിലാളി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് നടപ്പാക്കുന്നത്. വേജ് കോഡ് ഒഴികെയുള്ള തൊഴിൽ കോഡുകളുടെ കരടുചട്ടങ്ങൾ മന്ത്രാലയം നവംബറിൽ പുറത്തിറക്കിയിരുന്നു. വേജ് കോഡിന്റെ ചട്ടത്തിന് നേരത്തേ അന്തിമരൂപം നൽകിയെങ്കിലും നടപ്പാക്കിയില്ല. നാലുകോഡുകളും ഒന്നിച്ചുനടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
അതേസമയം തൊഴിൽ കോഡുകൾ നടപ്പാക്കുന്നതിനുമുന്നോടിയായി സംസ്ഥാനങ്ങളിൽ ലീഗൽ കൺസൾട്ടന്റുമാരെ നിയോഗിക്കുമെന്ന് തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൊതുപട്ടികയിലാണ് തൊഴിൽനിയമങ്ങൾ എന്നതിനാൽ സംസ്ഥാനങ്ങളിലെ നിയമങ്ങൾ പഠിക്കാൻ വേണ്ടിയാണിത്. സംസ്ഥാനങ്ങളിലെ നിയമങ്ങൾ കേന്ദ്രതൊഴിൽകോഡുകൾക്കുവിധേയമായി വേണമെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനങ്ങളിലെ നിയമങ്ങൾ പഠിക്കാനുള്ള തീരുമാനമെന്നും തൊഴിൽസെക്രട്ടറി വ്യക്തമാക്കി. നിയമങ്ങളിൽ വൈരുധ്യമുണ്ടോയെന്ന് കൺസൾട്ടന്റുമാർ പരിശോധിക്കും. തൊഴിൽ കോഡുകൾ നടപ്പാക്കുമ്പോൾ സംസ്ഥാനനിയമങ്ങളിലും അതനുസരിച്ചുള്ള മാറ്റങ്ങൾ വേണ്ടിവരും. ലീഗൽ കൺസൾട്ടന്റുമാർവഴി ഇത് ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
അതേസമയം സാമൂഹിക സുരക്ഷാ ചട്ടം നടപ്പിലാകുമ്പോൾ എംപ്ലോയീസ് കോമ്പൻസേഷൻ നിയമം, ഇ.എസ്.ഐ നിയമം, ഇ.പി.എഫ് നിയമം, മെറ്റേണിറ്റി ബെനിഫിറ്റ് നിയമം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയ ഒൻപത് നിയമങ്ങളാണ് ഇല്ലാതാകുന്നത്. തൊഴിലാളി, തൊഴിലുടമ, സ്ഥാപനം, വേതനം എന്നിവയ്ക്ക് നാലു നിയമങ്ങളിലും സമാന നിർവചനമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും തർക്കങ്ങളും എല്ലാം ഒഴിവാകുമെന്ന് പറയാം. റദ്ദാക്കപ്പെടുന്ന നിയമങ്ങൾ വഴി ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി പുതിയ നിയമങ്ങൾ പ്രകാരവും ലഭിക്കും. ഗ്രാറ്റുവിറ്റി ലഭിക്കാൻ ചുരുങ്ങിയത് അഞ്ചു വർഷത്തെ തൊഴിൽ കാലയളവ് വേണമെന്ന നിലവിലെ നിബന്ധന ഒഴിവാക്കി തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഗ്രാറ്റുവിറ്റിക്ക് അർഹത നിശ്ചയിക്കാൻ സാമൂഹിക സുരക്ഷാ ചട്ടം വ്യവസ്ഥ ചെയ്യുന്നു. സ്ഥിരം ജീവനക്കാർക്ക് 5 വർഷത്തെ കാലയളവ് തുടരുമ്പോൾ കരാർ ജീവനക്കാർക്ക് തൊഴിൽ കാലയളവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രാറ്റുവിറ്റി ലഭിക്കുക.
അതിഥി തൊഴിലാളികളെയും സാമൂഹിക സുരക്ഷാ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കും 3 വർഷത്തിന് ശേഷം ഗ്രാറ്റുവിറ്റി ലഭിക്കും. അതിഥി തൊഴിലാളികൾക്ക് സ്വന്തം സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രാ ബത്ത തൊഴിൽദാവ് നൽകണമെന്നും വ്യവസ്ഥയുണ്ട്. അപകടകരമോ ജീവനു ഭീഷണി ഉള്ളതോ ആയ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിൽ ഒരു തൊഴിലാളി മാത്രമാണ് ജോലി ചെയ്യുന്നതെങ്കിലും ഇ.എസ്.ഐ ആനുകൂല്യവും 20 ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും പുതിയ കോഡനുസരിച്ച് ഇ.പി.എഫ് ആനുകൂല്യങ്ങളും ലഭിക്കും. വീട്ടുവാടക ബത്ത, ഓവർടൈം അലവൻസ്, കമ്മീഷൻ, യാത്രാ ബത്ത എന്നിവ വേതനം എന്ന പദത്തിന്റെ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയതിലൂടെ ഇ.പി.എഫ്, ഇ.എസ്.ഐ, കോൺട്രിബ്യൂഷനുകളിൽ തൊഴിലാളിക്കും തൊഴിലുടമക്കും കോൺട്രിബ്യൂഷൻ ബാധ്യത കുറയും. 100 തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ കാന്റീനും, 50 ലേറെ ജോലിക്കാരുള്ള സ്ഥാപനങ്ങൾ പുരുഷ-വനിത, ട്രാൻസ്‌ജെന്റർ ജീവനക്കാർക്ക് വേവ്വേറെ വിശ്രമ മുറികളും ഭക്ഷണമുറികളും ഒരുക്കണം.
വ്യവസായ ബന്ധ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള ട്രേഡ് യൂനിയൻ ആക്ട്, സ്റ്റാന്റിംഗ് ഓർഡേഴ്‌സ് ആക്ട്, ഇൻസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് എന്നിവ റദ്ദാകും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളെയും വ്യവസായ ബന്ധ ചട്ടത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാക്ടറി, ഖനികൾ, പ്ലാന്റേഷൻ എന്നിവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം മുന്നൂറോ അതിൽ കൂടുതലോ ആണെങ്കിൽ മാത്രം ജീവനക്കാരെ പിരിച്ചു വിടുന്നതിനും ലേ ഓഫ് ചെയ്യുന്നതിനും സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയാൽ മതി. നേരത്തെ തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധി നൂറോ അതിൽ കൂടുതലോ ആയിരുന്നു. നേരത്തെയുള്ളതിൽ നിന്നും വ്യത്യസ്തമായി സമരത്തിന് 14 ദിവസത്തെ നോട്ടീസ് നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. 14 ദിവസത്തെ നോട്ടീസില്ലാതെ സമരം പാടില്ലെന്ന് നിയമം പറയുന്നുണ്ട്. സ്ഥാപനത്തിലെ പകുതിയിലേറെ ജീവനക്കാർ സംഘടിതമായി അവധിയെടുത്താലും അത് സമരമായി കണക്കാക്കും. അതുപോലെ തന്നെ തർക്ക പരിഹാര ഓഫീസർ മുമ്പാകെ ചർച്ചകൾ നടന്നു കൊണ്ടിരിയ്‌ക്കെ സമരം ചെയ്യുന്നതും നിയമ വിരുദ്ധമാക്കിയിട്ടുണ്ട്. സിവിൽ കോടതിക്കുളള പല അധികാരങ്ങളും തർക്കപരിഹാര ഓഫീസർമാർക്കും പുതിയ നിയമത്തിലൂടെ ലഭിക്കും.
കോഡ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് കർക്കശമായ ശിക്ഷകളായണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ചെറിയ വീഴ്ചകൾക്കു പോലും മൂന്നു മാസം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. തൊഴിലാളികൾ നിയമലംഘനം നടത്തിയാൽ പരമാവധി പിഴ 10,000 രൂപയാണ്. കോഡ് ഓൺ ഒക്യുപ്പേഷണൽ സേഫ്റ്റി പ്രാബല്യത്തിൽ വരുന്നതോടെ ഫാക്ടറീസ് ആക്ട്, കോൺട്രാക്ട് ലേബർ ആക്ട് തുടങ്ങിയ പതിമൂന്ന് നിയമങ്ങളാണ് ഇല്ലാതാകുന്നത്. പുതിയ നിയമം അനുസരിച്ച് തൊഴിലാളികളെ ഓവർടൈം ജോലിക്ക് നിയോഗിക്കണമെങ്കിൽ അവരുടെ രേഖാമൂലമുള്ള അനുമതി മുൻകൂറായി വാങ്ങിയിരിക്കണം. കോൺട്രാക്ട് ലേബർ നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധി നിലവിലുള്ള 20-ൽ നിന്ന് 50 ആയി പുതിയ നിയമത്തിൽ ഉയർത്തിയിട്ടുണ്ട്. കരാർ തൊഴിലാളികളുടെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് പ്രധാന തൊഴിലുടമ നൽകണമെന്ന വ്യവസ്ഥയും പുതിയ നിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. അസംഘടിത മേഖലയിലടക്കം തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റമാണ് പുതിയ നിയമങ്ങളിലൂടെ സംജാതമായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























