ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളലേറ്റ് കറുത്തു, ബ്യൂട്ടി പാര്‍ലറിനെതിരെ പരാതി

ബ്യൂട്ടി പാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാന്‍ പോയ യുവതിയുടെ മുഖം പൊള്ളലേറ്റ് കറുത്തു. ഗുണ്ടൂര്‍ സ്വദേശിനിയായ എം. കന്യാകുമാരി എന്ന വീട്ടമ്മയുടെ മുഖമാണ് ഫേഷ്യലിനെ തുടര്‍ന്ന് വികൃതമായത്. ഇതേ തുടര്‍ന്ന് പാര്‍ലറിനെതിരെ നിയമനടപടിക്കുള്ള ഒരുക്കത്തിലാണ് യുവതിയും വീട്ടുകാരും.
വീടിന് സമീപത്തുള്ള സന്ധ്യാസ് ലേഡീസ് ബ്യൂട്ടി പാര്‍ലറിലാണ് യുവതി ഫേഷ്യല്‍ ചെയ്യാനായി പോയത്. മാരിഗോള്‍ഡ് സ്‌കിന്‍ സൂത്തിങ് സ്‌ക്രബ്ബും ഫേഷ്യല്‍ ക്രീമുമാണ് പാര്‍ലര്‍ ഉടമയായ സന്ധ്യ യുവതിയുടെ മുഖത്ത് പുരട്ടിയത്. മുഖത്തുള്ള മൃതകോശങ്ങള്‍ അകറ്റാനായി ആവി കൊള്ളിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ ക്രീമുകളിലെ രാസപ്രവര്‍ത്തനം കാരണം കന്യാകുമാരിയുടെ മുഖത്ത് നീറ്റല്‍ അനുഭവപ്പെടുകയും വൈകാതെ മുഖം പൊള്ളി കറുക്കുകയും ആയിരുന്നു. ത്വക്‌രോഗ വിദഗ്ധനെ കാണിച്ചപ്പോള്‍ രണ്ട് മാസത്തെ ചികിത്സയിലൂടെ ഇത് മാറ്റാനാകുമെന്നും വെയില്‍ കൊള്ളാന്‍ പാടില്ലെന്നും പറഞ്ഞു.
ഇങ്ങനെയൊരു സംഭവം ഉണ്ടായതോടെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സന്ധ്യ തന്റെ വീടിന്റെ മുന്നില്‍ വച്ചിരുന്ന പാര്‍ലറിന്റെ ബോര്‍ഡ് എടുത്തുമാറ്റി. വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ പാര്‍ലറിന് ലൈസന്‍സില്ലെന്ന് സന്ധ്യയുടെ ഭര്‍ത്താവ് പറഞ്ഞു.
വിദഗ്ധരോ ത്വക്‌രോഗ വിദഗ്ധരോ മാത്രം കൈകാര്യം ചെയ്യാന്‍ പാടുള്ള ഗ്ലൈകോളിക് ആസിഡോ മറ്റേതെങ്കിലും അമ്ലങ്ങളോ മൃതകോശങ്ങളെ നീക്കാനായി ബ്യൂട്ടീഷ്യന്‍ ഉപയോഗിച്ചിരിക്കാം എന്നാണ് കന്യാകുമാരിയെ ചികിത്സിച്ച ത്വക് ഡോക്ടര്‍ എസ്. നാഗേശ്വരമ്മ പറഞ്ഞത്. യുവതിയുടെ അവസ്ഥ ഭേദപ്പെട്ട് വരികയാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ പഴയ സ്ഥിതിയില്‍ എത്തുമെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയ്‌ക്കെതിരെ കണ്‍സ്യൂമര്‍ ഫോറത്തില്‍ യുവതിക്ക് പരാതി നല്‍കാനാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി മുപ്പത്തിയേഴാം വകുപ്പുകള്‍ പ്രകാരം യുവതിക്ക് പാര്‍ലര്‍ ഉടമയ്‌ക്കെതിരെ കേസ് കൊടുക്കാമെന്ന് അഭിഭാഷകനായ പുലിവാര്‍ത്തി ശ്രീനിവാസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പാര്‍ലറിനെതിരെ പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























