ഏറ്റവും വേഗത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ; വിതരണം ചെയ്തത് 85 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി ഡോസുകൾ, പത്തുകോടി പ്രതിരോധ കുത്തിവയ്പുകള്‍ എന്ന നേട്ടത്തിലെത്താന്‍ യുഎസിന് 89 ദിവസങ്ങളും ചൈനയ്ക്ക് 102 ദിവസങ്ങളും വേണ്ടിവന്നു

ഏറ്റവും വേഗത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. 85 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി ഡോസുകൾ വിതരണം ചെയ്തുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പത്തുകോടി പ്രതിരോധ കുത്തിവയ്പുകള്‍ എന്ന നേട്ടത്തിലെത്താന്‍ യുഎസിന് 89 ദിവസങ്ങളും ചൈനയ്ക്ക് 102 ദിവസങ്ങളും വേണ്ടിവന്നു. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് വാക്‌സിന്‍ ലഭ്യമാണ്. ഇതുകൂടാതെ ജൂലൈയോടെ 25 കോടി ആളുകള്‍ക്ക് വാക്‌സിന്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇത് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
അതിനിടെ കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് മുതല്‍ തുടങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുകയുണ്ടായി. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ അര്‍ഹരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ബൃഹത്തായ കര്‍മപദ്ധതി(വാക്‌സിന്‍ ഉത്സവം)യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
അതേസമയം ഒക്ടോബറോടെ അഞ്ച് കൊവിഡ് വാക്സിനുകള്‍ക്കുകൂടി ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യയുടെ സ്പുട്നിക് വി വാക്സിന് പത്തു ദിവസത്തിനകം അനുമതി നല്‍കാനും സാദ്ധ്യത കല്പിക്കുന്നുണ്ട്. വാക്സിന്‍ ക്ഷാമത്തെ കുറിച്ച് ചില സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് വാക്സിന്‍ നിര്‍മാണം വര്‍ദ്ധിപ്പിക്കാനുളള കേന്ദ്രത്തിന്റെ നീക്കമെന്ന് വാര്‍ത്താ ഏജന്‍സികള്‍ നൽകുന്ന റിപ്പോര്‍ട്ട് . നിലവില്‍ കോവിഷീല്‍ഡും കോവാക്സിനും നിര്‍മ്മിക്കുന്ന ഇന്ത്യയ്ക്ക് ഈ വര്‍ഷം മൂന്നാം പാദം അവസാനത്തോടെ അഞ്ച് അധിക നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിനുകള്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതോടൊപ്പം തന്നെ നിലവില്‍ ഏകദേശം ഇരുപതോളം വാക്സിനുകള്‍ വിവിധ ക്ലിനിക്കല്‍, പ്രീക്ലിനിക്കല്‍ ഘട്ടങ്ങളിലാണ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലുളള ചില കമ്പനികള്‍ തങ്ങളുടെ വാക്സിനുകളുടെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതായി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയുണ്ടായി.
ഇതുകൂടാതെ കൊവിഡ് പ്രതിരോധത്തിനായി നിലവില്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. സ്പുഡ്നിക് വി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നോവവെക്സ്, സിഡസ് കാന്‍സിലാസ് വാക്സിന്‍, ഭരത് ബയോടെക്കിന്റെ ഇന്‍ട്രനേസല്‍ എന്നീവാക്സിനുകള്‍ക്കാണ് ഇന്ത്യ ഇനി അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha