വീട്ടിലായാലും പുറത്തായാലും മാസ്ക് മസ്റ്റെന്ന് കേന്ദ്രസർക്കാർ... വെറുതേ പണി മേടിക്കണ്ട... ജാഗ്രതൈ..!

കോവിഡ് -19 വൈറസിനുള്ള വാക്സിൻ ലഭ്യമാകാത്തതുവരെ, മുൻകരുതലുകൾ മാത്രമാണ് നമ്മെ ഇതിനെതിരെ സംരക്ഷിച്ചു നിലനിർത്തുന്നത്. ഈ ഒരു സാഹചര്യത്തിൽ നമ്മൾ എന്താണ് കൃത്യമായി ചെയ്യേണ്ടത് ഫെയ്‌സ് മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, നമ്മുടെ കൈകൾ വൃത്തിയാക്കുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയാണ് ഈ കോവിഡ് കാലത്ത് നാം പിന്തുടരേണ്ട ചില അടിസ്ഥാന കാര്യങ്ങൾ.
കോവിഡ് വ്യാപനം തടയുന്നതിന് വീടിനുള്ളിൽപ്പോലും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശവുമായാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നിർദേശം ഇറക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വീടിനകത്ത് കഴിയുമ്പോഴും മാസ്ക് ധരിക്കണമെന്ന് അറിയിച്ചിട്ടുള്ളത്.
അതേസമയം തന്നെ രോഗത്തെക്കുറിച്ചുള്ള അനാവശ്യ ആശങ്ക ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ, നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ, ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറയുകയും ചെയ്തിട്ടുണ്ട്.
“കുടുംബത്തിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അവർ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗികളില്ലെങ്കിലും എല്ലാവരും വീടിനുള്ളിലും മാസ്ക് ധരിക്കാൻ തുടങ്ങേണ്ട സമയമാണിത്. വീട്ടിനുള്ളിലേക്ക് അതിഥികളെ ക്ഷണിക്കരുത്” എന്നാണ് ഡോ. വി കെ പോൾ പറഞ്ഞത്.
ശാസ്ത്രീയ പഠനപ്രകാരം ശാരീരിക അകലം പാലിക്കാത്ത ഒരാൾ 30 ദിവസത്തിനുള്ളിൽ 406 പേർക്ക് രോഗം പരത്താൻ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാൽ ഇത് 15 ആയി കുറയ്ക്കാൻ കഴിയും. 75 ശതമാനം കുറയ്ക്കാൻ കഴിഞ്ഞാൽ ഇതേ കാലയളവിൽ ഒരു വ്യക്തിക്ക് 2.5 ആളുകളിലേക്ക് മാത്രമേ രോഗം പടർത്താൻ കഴിയൂ എന്ന് ലവ് അഗർവാൾ വിശദീകരിച്ചു.
രോഗലക്ഷണം കാണുന്ന ഉടൻ തന്നെ രോഗിയെ ഐസൊലേഷനിലാക്കണമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു. പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ കാത്ത് നിൽക്കണ്ട. ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് രേഖപ്പെടുത്തിയാലും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് ബാധയുണ്ടെന്ന് കരുതി നടപടികൾ സ്വീകരിക്കണം.
അനാവശ്യമായി പുറത്തിറങ്ങാനോ കൂട്ടം കൂടാനോ ശ്രമിക്കരുത്. പുറത്തു നിന്നുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കുന്നതും ഒഴിവാക്കണം. ആശുപത്രി കിടക്കകളും ഓക്‌സിജനുമെല്ലാം അനിവാര്യ ഘട്ടത്തിലാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം എന്നും നിർദ്ദേശമുണ്ട്. രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കാനും ശ്രദ്ധിക്കണം.
വാക്സിനേഷൻ അനുവദിച്ച സമയത്തിനുള്ളിൽ സ്വീകരിക്കാൻ ശ്രമിക്കണം. സ്ത്രീകൾക്ക് ആർത്തവ സമയത്തും സ്വീകരിക്കുന്നതിൽ കുഴപ്പമില്ല. കോവിഡ് രണ്ടാം വ്യാപനത്തിനെതിരേയുള്ള പോരാട്ടത്തിൽ മെഡിക്കൽ ഓക്സിജന്റെയും റെംഡെസിവിർ ഉൾപ്പടെയുള്ള മരുന്നുകളുടെയും യുക്തമായ ഉപയോഗമാണ് പരമപ്രധാനം. ഗുരുതര രോഗികൾക്ക് റെംഡിസിവിർ പര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മറ്റ് മരുന്നുകളും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
അടച്ചുറപ്പുള്ള ഇടങ്ങളിൽ ഫെയ്‌സ് മാസ്കുകളുടെ ഉപയോഗം ഏറ്റവും പ്രധാനമാണ്. കൂടാതെ, പുറത്തായിരിക്കുമ്പോൾ മറ്റുള്ള ആളുകളുമായി ആറ് അടി അകലത്തിൽ നിൽക്കുവാൻ കഴിയാത്തപ്പോഴും മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ റിപ്പോർട്ട് ചെയ്തത് 3,23,144 കോവിഡ് കേസുകൾ. 2,51,827 പേർ രോഗമുക്തരായി. ആകെ മരണം രണ്ടു ലക്ഷത്തോട് അടുക്കുകയാണ്. ഇന്നലെ 2771 പേർ മരിച്ചതോടെ 1,97,894 ആണ് മരണസംഖ്യ. അതേസമയം, ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,76,36,307 ആയി ഉയർന്നു.
1,45,56,209 പേർ രോഗമുക്തരായിട്ടുണ്ട്. എന്നാൽ 28,82,204 പേർ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്. 14,52,71,186 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























