മുല്ലാ ബറാദാര്‍ മരിച്ചിട്ടില്ല.... ജീവനോടെയുണ്ടെന്ന് താലിബാൻ... വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലൂടെ പ്രചരിക്കുന്ന ഒരു വാർത്തയാണ് അഫ്ഗാന്‍ ഉപപ്രധാനമന്ത്രിയും താലിബാന്‍ നേതാക്കളില്‍ പ്രധാനിയുമായ മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. നേരത്തേ ഇയാൾക്ക് വെടിയേറ്റുവെന്നും, അതിനുള്ള ചികിത്സയ്ക്കായി പാക്കിസ്ഥാനിൽ അഭയം തേടിയതായും നിരവധി കാര്യങ്ങളാണ് പുറത്ത് വന്നിരുന്നത്.
അതിനുശേഷം താലിബാനുള്ളിലെ ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ ഒക്കെ നിഷേധിച്ച് താലിബാന്‍ രംഗത്തെത്തിയ സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. മുല്ലാ ബാറാദാര്‍ കൊല്ലപ്പെട്ടില്ലെന്ന് താലിബാന്‍ വക്താവ് തന്നെ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുകയാണ്.
ഇതിനുള്ള തെളിവിനായി അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശവും താലിബാന്‍ പുറത്തുവിട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് താലിബാന്‍ വക്താവ് സുലൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പറഞ്ഞു. പിന്നാലെ മുല്ലാ ബറാദാര്‍ കാണ്ഡഹാറില്‍ യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവിട്ടിട്ടുണ്ടായിരുന്നു.
താൻ യാത്രയിലാണെന്നും സുഖമായിരിക്കുകയാണെന്നും തന്നെക്കുറിച്ച് മാദ്ധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഭരണ നേതൃത്വത്തിലും തർക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുക എളുപ്പമല്ലെങ്കിലും താലിബാന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയാണ് സന്ദേശം പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഈ വീഡിയോയെ അത്ര കണ്ട് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഹഖാനി നെറ്റ്വര്‍ക്ക് തലവന്‍ സിറാജുദ്ദീന്‍ ഹഖാനിയുമായുള്ള മുല്ലാ ബറാദാറിന്റെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രചരിച്ചത്. താലിബാനില്‍ ഹഖാനി ഗ്രൂപ്പും ബറാദാര്‍ ഗ്രൂപ്പും കടുത്ത ഭിന്നതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
താലിബാന്‍ സര്‍ക്കാറിന്റെ തലവന്‍ മുല്ലാ ബറാദാര്‍ ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തെ ഉപപ്രധാന മന്ത്രിയായാണ് നിയമിച്ചത്. ഇതിന് പിന്നാലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. താലിബാൻ നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമായെന്നും താലിബാനും ഹഖാനി ഭീകരരും തമ്മിലുണ്ടായ തർക്കത്തിനിടെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വച്ച് ബരാദറിന്റെ വെടിയേറ്റെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തർക്കം പരിഹരിക്കാനായാണ് പാക് ഐ.എസ്.ഐ മേധാവി ഫയിസ് ഹമീദ് കാബൂളിലെത്തിയതെന്നും പറയപ്പെടുന്നുണ്ട്.
ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷവും ബറാദാറിനെ കുറച്ച് ദിവസമായി പരസ്യമായി എങ്ങും തന്നെ കണ്ടിരുന്നില്ല. ഞായറാഴ്ച കാബൂളില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സംഘത്തിലും അദ്ദേഹമുണ്ടായിരുന്നില്ല എന്നത് മാധ്യമശ്രദ്ധ പിടിച്ചു പറ്റി. താലിബാന്‍ തലവന്‍ ഹൈബത്തുല്ല അഖുന്‍സാദയും ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha