കാഷ്മീരിലെ ആക്രമണം: പാക് ഭീകരന്‍ അറസ്റ്റില്‍, പ്രതിയെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി

ജമ്മു കാഷ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്കു നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാള്‍ പിടിയിലായി. ഉസ്മാന്‍ (20) എന്നയാളാണ് പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെയാണ് സൈന്യം ഇയാളെ പിടികൂടിയത്. അജ്മല്‍ കസബിനു ശേഷം ഇത് ആദ്യമായാണ് ഒരു പാക്കിസ്ഥാന്‍ തീവ്രവാദി ഇന്ത്യയില്‍ പിടിയിലാകുന്നത്.
പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ നിന്നുള്ള സ്വദേശിയാണ് ഇയാളെന്നാണ് വിവരം. ഇയാളില്‍ നിന്നും എകെ 47 തോക്കും പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സൈന്യം പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ബിഎസ്എഫിന്റെ വാഹനത്തിനെതിരേ മൂന്ന് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു തീവ്രവാദിയെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ബിഎസ്എഫ് ജവാന്‍മാര്‍ക്കെതിരേയുള്ള ആക്രമണശേഷം ഉസ്മാനും മറ്റൊരു തീവ്രവാദിയും മൂന്ന് നാട്ടുകാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം തീവ്രവാദികള്‍ക്കായി സൈന്യവും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഉസ്മാന്‍ പിടിയിലായത്. മറ്റൊരു തീവ്രവാദിക്കായി സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, പിടിയിലായപ്പോള്‍ കാസിം ഖാന്‍ എന്നാണ് പേരെന്ന് ഉസ്മാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ സൈന്യം കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ യഥാര്‍ത പേര് വെളിപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























