ഇന്ത്യയുടെ ശബ്ദത്തിനായാണ് തന്റെ പോരാട്ടം... അതിന് എന്ത് വിലകൊടുക്കാനും തയ്യാറെന്ന് രാഹുല്‍ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്‌സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കു പിന്നാലെ ആദ്യ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനായാണ് തന്റെ പോരാട്ടമെന്ന് രാഹുല്‍ഗാന്ധി. അതിന് എന്ത് വിലകൊടുക്കാനും തയാറാണെന്നും ട്വിറ്ററില്‍ രാഹുല്‍. അയോഗ്യനാക്കപ്പെട്ടശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്.
അതിനിടെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കി. ശിക്ഷ വിധിച്ച ഇന്നലെ മുതല്‍ അയോഗ്യത പ്രാബല്യത്തില്‍ വന്നതായി ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. മേല്‍ക്കോടതിയില്‍ സ്‌റ്റേ ലഭിച്ചില്ലെങ്കില്‍ വയനാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.
രാഹുലിന്റെ മോദി പരാമര്‍ശം ഒബിസി വിഭാഗത്തിനെതിരാണെന്ന രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി തുടക്കമിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. കോടതി വിധി വന്ന 23നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്' എന്ന പരാമര്‍ശത്തിന്റെ പേരില്‍ 2 വര്‍ഷം തടവുശിക്ഷയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രാഹുല്‍ ഗാന്ധിക്കു വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ അപകീര്‍ത്തി കേസിലായിരുന്നു വിധി.
അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്കു ശിക്ഷ സ്‌റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണു കേസ്. രണ്ടു വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പാണ് രാഹുലിന്റെ വയനാട് എംപി സ്ഥാനം നഷ്ടമാക്കിയത്.
https://www.facebook.com/Malayalivartha