ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്ത രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്‌ക്കെതിരെ കേസ്

സനാതന ധര്‍മ്മ വിവാദത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്ത രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കേസ്. മധുര സിറ്റി പൊലീസാണ് ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള സന്യാസിയായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യ, ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. പരമഹംസ ആചാര്യ തലവെട്ടണമെന്ന് ആഹ്വാനം ചെയ്ത വീഡിയോ പകര്‍ത്തുകയും പങ്കുവയ്ക്കുകയും ചെയ്ത ആള്‍ക്കെതിരെയും കേസുണ്ട്. എക്‌സ് വഴി വീഡിയോ ഷെയര്‍ ചെയ്ത പിയൂഷ് റായിക്കെതിരെയാണ് കേസ്.
ഉദയനിധി സ്റ്റാലിന്റെ തല ഛേദിച്ച് അതുമായി എന്റടുത്ത് വരുന്നവര്‍ക്ക് 10 കോടി നല്‍കുമെന്നാണ് അയോദ്ധ്യ തപസ്വി ചാവ്‌നി ക്ഷേത്ര മുഖ്യപുരോഹിതനായ പരമഹംസ ആചാര്യ പറഞ്ഞത്. ആരും തയ്യാറാകാത്തപക്ഷം താന്‍ തന്നെ ഉദയനിധിയെ കൊലപ്പെടുത്തുമെന്നും വീഡിയോയിലുണ്ട്.
എന്നാല്‍ വധഭീഷണി നടത്തിയ പരമഹംസ ആചാര്യയുടെ തലവെട്ടിയാല്‍ 10 അല്ല 100 കോടി പ്രതിഫലമായി നല്‍കാമെന്ന് നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാനും ഇന്ന് ചെന്നൈയില്‍ പ്രതികരിച്ചിരുന്നു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധിയും അറിയിച്ചു.
https://www.facebook.com/Malayalivartha


























