മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്... ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അഴിമതി തുടച്ചുനീക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി. ജനങ്ങളെ ബിജെപി കൊള്ളയടിക്കുകയാണെന്നും ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അഴിമതി തുടച്ചുനീക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ എഎപി അഴിമതി തുടച്ചുനീക്കി. അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ അഴിമതിക്കാരെ ജയിലില്‍ അടക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് വന്‍ പ്രഖ്യാപനങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തിയത്. സൗജന്യ വിദ്യാഭ്യാസം , 300 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴിലില്ലായ്മ വേതനം തുടങ്ങിയവയാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. മധ്യപ്രദേശ് നിയമസഭയുടെ കാലാവധി 2024 ജനുവരി 6ന് ആണ് അവസാനിക്കുന്നത്. മുന്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2018 നവംബറിലാണ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച് കമല്‍നാഥ് മുഖ്യമന്ത്രിയായിരുന്നു.
2020 മാര്‍ച്ചില്‍, 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് രാജിവച്ച് ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് കൂറുമാറിയിരുന്നു. അതിന്റെ ഫലമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുകയും മുഖ്യമന്ത്രി കമല്‍നാഥ് രാജിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചു് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുകയായിരുന്നു. കൂറുമാറിയ ഭൂരിഭാഗം എം.എല്‍.എമാരും ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചിഹ്നത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏറ്റവും താഴെ തട്ടിലേക്കുള്ള പ്രവര്‍ത്തനമാണ് ബിജെപി പുതിയ തെരഞ്ഞെടുപ്പ് തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര നേതൃത്വം നേരിട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും താഴെതട്ടില്‍ പ്രവര്‍ത്തനം നടക്കുക.
https://www.facebook.com/Malayalivartha