ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ ജീവനോടെ ഉണ്ടോ;ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം അവതാളത്തില്‍,മെഷീനുകള്‍ ശരിയായി പ്രവര്‍ത്തിച്ചാല്‍ രണ്ട് ദിവസംകൊണ്ട് തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താം,എല്ലാ വഴികളും തേടി കേന്ദ്ര ഗതാഗത മന്ത്രി,7 സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ടണലില്‍ അകപ്പെട്ടിരിക്കുന്നത്

ഉത്തരകാശിയില്‍ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ടണലില്‍ കുടുങ്ങിയവരുടെ അവസ്ഥ എന്താണെന്ന് പോലും വ്യക്തമാല്ല. ഇനിയും എത്രദിവസം പിടിക്കും ആ ജീവനുകള്‍ രക്ഷിക്കാന്‍. അവര്‍ ജീവനോടെ ഉണ്ടോ നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിക്കുന്ന ഓഗര്‍ മെഷീനുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുമെങ്കില്‍ രണ്ട്‌രണ്ടര ദിവസം കൊണ്ട് തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിക്കാനാകുമെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുരങ്കത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിനാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാഥമികപരിഗണന നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നവംബര്‍ 12 പുലര്‍ച്ചെ 5.30 ഓടെയാണ് യമുനോത്രി ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം കര്‍ന്നുവീണത്. സില്‍ക്യാരയേയും ഡംഡല്‍ഗാവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായുള്ള തുരങ്കത്തിന്റെ നിര്‍മാണമാണ് നടന്നിരുന്നത്. തുരങ്കത്തിന്റെ മുകള്‍ഭാഗം തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഡില്ലിങ് മെഷീന്‍ കേടായതോടെ വെള്ളിയാഴ്ച ഉച്ചയോടെ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തൊഴിലാളികളെല്ലാവരും സുരക്ഷിതരാണെന്നും അവര്‍ക്കുള്ള ഭക്ഷണവും ഓക്‌സിജനും തുരങ്കത്തിലേക്ക് ജലമെത്തിക്കാന്‍ സ്ഥാപിച്ചിരുന്ന പൈപ്പിലൂടെ എത്തിച്ചുനല്‍കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.
ഡല്‍ഹിയില്‍ നിന്ന് വ്യോമമാര്‍ഗമെത്തിച്ച അധികശേഷിയുള്ള ഡില്ലിങ് മെഷീന്‍ ഉപയോഗിച്ച് 22 മീറ്റര്‍ തുരന്നുകഴിഞ്ഞു. മണ്ണിടിച്ചില്‍ വീണ്ടുമുണ്ടായേക്കാമെന്നുള്ള ആശങ്കയെത്തുടര്‍ന്ന് മെഷീന്‍ ഉപയോഗം നിര്‍ത്തിവെച്ചു. തുരങ്കത്തിനുള്ളില്‍ 205 260 മീറ്ററോളം പാറക്കഷണങ്ങളും മറ്റും കൂടിക്കിടക്കുകയാണ്. വലിയ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് തുരങ്കത്തിനുള്ളിലെ തകര്‍ന്നുവീണ പാറക്കഷണങ്ങളും മണ്ണും നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ പാറതുരന്ന് കുഴലുകള്‍ സ്ഥാപിച്ച് തൊഴിലാളികള്‍ക്ക് പുറത്തുകടക്കാനുള്ള മാര്‍ഗം ഉണ്ടാക്കാനാകുമോയെന്നുള്ള ശ്രമവും പുരോഗമിക്കുകയാണ്.
ഇന്ത്യന്‍സേനയുടെ നിര്‍മാണവിഭാഗമായ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍(ബിആര്‍ഒ) ഡില്ലിങ് മെഷീനുകള്‍ സുഗമമായി എത്തിക്കുന്നതിനായുള്ള പാത ഒരുക്കുകയും തുരങ്കത്തിലേക്ക് ലംബമായി മറ്റൊരു തുരങ്കം നിര്‍മിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയുമാണ്. ഓഗര്‍ മെഷീന്റെ സഹായത്തോടെ 900 മില്ലിമീറ്റര്‍ പൈപ്പ് കടത്താനുള്ള ശ്രമമാണ് രക്ഷാപ്രവര്‍ത്തകസംഘം നിലവില്‍ നടത്തുന്നത്. തുരങ്കത്തിന്റെ മുകള്‍ഭാഗത്തിനും തുരങ്കത്തിനുമിടയിലുള്ള സ്ഥലം തിട്ടപ്പെടുത്താന്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. വശങ്ങളില്‍നിന്ന് തുരങ്കങ്ങളുണ്ടാക്കാനുള്ള പദ്ധതിയുമുണ്ട്. റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) ഇതിനുവേണ്ടിയുള്ള അളവെടുക്കലുകള്‍ പൂര്‍ത്തിയാക്കി വരികയാണ്.
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ജീവകങ്ങള്‍, ഡിപ്രഷന്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍, ഉണക്കിയ പഴങ്ങള്‍ എന്നിവ സര്‍ക്കാര്‍ എത്തിക്കുന്നുണ്ട്. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടാത്തതിനാല്‍ തുരങ്കത്തിനുള്ളില്‍ മുഴുവന്‍സമയവും വെളിച്ചം ലഭ്യമാകുന്നുണ്ടെന്ന് റോഡ്, ട്രാന്‍സ്‌പോര്‍ട്ട്, ആന്‍ഡ് ഹൈവേ സെക്രട്ടറി അനുരാഗ് ജയിന്‍ പറഞ്ഞു. ലഭ്യമായ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന വിവിധ വിദഗ്ധസംഘങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. കടന്നുപോകുന്ന ഓരോ ദിവസവും തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കാനായി അഞ്ച് ബദല്‍പദ്ധതികള്‍ കൂടി പരിഗണനയിലുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha