കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മൂത്ത മകള്‍.... പിതാവ് മകളെ തീകൊളുത്തി കൊന്നു

രാജസ്ഥാനില്‍ പിതാവ് മകളുടെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. 32 കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്. പാലി ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മൂത്ത മകളാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.
പ്രതി ശിവ്‌ലാല്‍ മേഘ്വാള്‍ 12 വര്‍ഷമായി കുടുംബത്തില്‍ നിന്ന് പിരിഞ്ഞ് പാലിയിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. വിവാഹിതയായ തന്റെ മൂത്ത മകള്‍ നിര്‍മ്മ(32) ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്ന് മേഘ്വാള്‍ വിശ്വസിച്ചിരുന്നതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നിര്‍മ്മ. ഇവിടെവെച്ച് പിതാവിനെ കണ്ടു. മൂത്ത മകളെയും അനുജത്തിയെയും മേഘ്വാള്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി. പകുതി വഴിയില്‍ ഇളയ മകളോട് കാത്തിരിക്കാന്‍ പറഞ്ഞതിന് ശേഷം, മേഘ്വാള്‍ നിര്‍മ്മയോടൊപ്പം ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോവുകയായിരുന്നു.
ഇവിടെവച്ച് മേഘ്വാള്‍ മകളുടെ കഴുത്തറുത്ത ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ശേഷം ഇളയ മകളുടെ അടുത്തേക്ക് മടങ്ങിയെത്തി. മേഘ്വാളിന്റെ കൈയില്‍ രക്തം കണ്ടതോടെ യുവതി നിലവിളിച്ചു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികള്‍ നിര്‍മ്മയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha