മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി മാറ്റി...

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീയതി ഡിസംബര്‍ 4 ലേക്ക് മാറ്റി. നേരത്തെ ഡിസംബര്‍ 3 ഞായറാഴ്ച വോട്ടെണ്ണല്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വോട്ടെടുപ്പിന് മുമ്പ് തന്നെ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഏകകണ്ഠമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഞായറാഴ്ച ക്രിസ്തുമത വിശ്വാസികളുടെ പുണ്യദിനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ക്രിസ്ത്യന്‍ സമുദായത്തിന് ആധിപത്യമുള്ള സംസ്ഥാനമായ മിസോറാമിലെ വോട്ടെണ്ണല്‍ തീയതി ഞായറാഴ്ചയാകുന്നത് ബുദ്ധിമുട്ടാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതിനെ ബിജെപിയും കോണ്‍ഗ്രസും ഭരണകക്ഷിയായ എംഎന്‍എഫും ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചു.
ഇതിനിടെ വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. ഈ കത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എന്‍ജിഒകളുടെയും പ്രസിഡന്റുമാരുടെ ഒപ്പും ഉണ്ടായിരുന്നു.ഞായറാഴ്ച മിസോറാമില്‍ ഔദ്യോഗിക പരിപാടികളൊന്നും സംഘടിപ്പിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.
ഭരണകക്ഷിയായ എംഎന്‍എഫ്, ബിജെപി, കോണ്‍ഗ്രസ്, സോറം പീപ്പിള്‍സ് മൂവ്‌മെന്റ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളാണ് കത്തയച്ചത്.സംസ്ഥാനത്തെ പ്രമുഖ സഭകളുടെ കൂട്ടായ്മയായ മിസോറം കൊഹ്‌റാന്‍ ഹ്രുതുട്ട് കമ്മിറ്റിയും (എംകെഎച്ച്‌സി) വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.
മിസോറാമില്‍ നവംബര്‍ 7 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. 2018 നവംബറില്‍ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എഫ് 26 സീറ്റും ഇസഡ്പിഎം എട്ട് സീറ്റും കോണ്‍ഗ്രസ് അഞ്ച് സീറ്റും നേടിയപ്പോള്‍ ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവന്ന വിവിധ എക്സിറ്റ് പോളുകള്‍ പ്രകാരം മിസോറാമില്‍ നിലവിലെ പ്രതിപക്ഷം ഭരണത്തിലേറും. 40 അംഗ നിയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 35-ല്‍ 28 സീറ്റുകളും നേടി പ്രതിപക്ഷമായ സോറാം പീപ്പിള്‍സ് മൂവ്മെന്റ് പാര്‍ട്ടി വന്‍ വിജയയം നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























