അടുത്ത 24 മണിക്കൂറിനുള്ളില്‍ 'മൈചൗങ്' ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത... കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അധികൃതര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

ആഴത്തിലുള്ള ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറേക്ക് നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 'മൈചൗങ്' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന്് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ തമിഴ്നാട്ടിലെയും തെക്കന്‍ ആന്ധ്രയിലെയും തീരദേശ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഐഎംഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയില്‍ നിന്ന് ഏകദേശം 440 കിലോമീറ്റര്‍ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയില്‍ നിന്ന് 420 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.
അതിനുശേഷം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്കന്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പടിഞ്ഞാറ്-മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്കും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരങ്ങളിലേക്ക് തിങ്കളാഴ്ച ഉച്ചയോടെ എത്തുമെന്നും ഐഎംഡി പ്രവചിക്കുന്നു. ഡിസംബര്‍ അഞ്ചിന്, നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ തെക്കന്‍ ആന്ധ്രാപ്രദേശ് തീരം കടക്കുന്ന മൈചോങ് ചുഴലിക്കാറ്റ്, മണിക്കൂറില്‍ അതിന്റെ പരമാവധി 80-90 കിലോമീറ്റര്‍ വേഗതയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് സാധാരണ വീശുക. തെക്കന്‍ ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിലും വടക്കന്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ ജില്ലകളില്‍ വസ്തുവകകള്‍ക്കും ദുര്‍ബല പ്രദേശങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു.
മൈചോങ് ചുഴലിക്കാറ്റ് തീരദേശ ജില്ലകളിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്ടിലുടനീളം പോലീസും ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ കനത്ത ജാഗ്രതയിലാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളില്‍ 18 ടീമുകളെ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 10 അധിക ടീമുകളെ അപ്രതീക്ഷിതമായ ഏത് സാഹചര്യവും നേരിടാനും സജ്ജരാക്കിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അധികൃതര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് മദ്രാസ് സര്‍വകലാശാലയും അണ്ണാ സര്‍വകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റിവച്ചു.
ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ മറ്റ് സംസ്ഥാനങ്ങളിലെ ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ തമിഴ്നാട്ടില്‍ 118 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. നിസാമുദ്ദീന്‍ ചെന്നൈ തുരന്തോ എക്‌സ്പ്രസ്, കൊച്ചുവേളി - ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്, ഗയ ചെന്നൈ എക്‌സ്പ്രസ്, ബറൗണി - കോയമ്പത്തൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍, വിജയവാഡ ജനശതാബ്ദി, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, പട്‌ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ബെംഗളൂരു-ഹൗറ വീക്ക്‌ലി സൂപ്പര്‍ ഫാസ്ട്രം എക്‌സ്പ്രസ് -ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ഉള്‍പ്പടെയുള്ള 118 ട്രെയിനുകളാണ് റദ്ദാക്കിയത്.
വടക്കന്‍ തീരദേശ തമിഴ്‌നാട്, പുതുച്ചേരി: ഇവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ ഞായറാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ നാലിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനുശേഷം കുറയുമെന്നും ഐഎംഡി അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച രാത്രി തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരദേശ ആന്ധ്രാപ്രദേശ്: തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശില്‍ ഞായറാഴ്ച കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കൊപ്പം മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും പെയ്യും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആന്ധ്രാപ്രദേശിലെയും യാനാമിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും ഡിസംബര്‍ ആറിനും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം രായലസീമ മേഖലയിലും മിക്കയിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം.
https://www.facebook.com/Malayalivartha


























