രോഗബാധിതയായ യുവതിയുടെ തലയില്‍ 18 ലധികം സൂചികള്‍ കുത്തിയിറക്കിയ മന്ത്രവാദി അറസ്റ്റില്‍

രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് യുവതിയുടെ തലയില്‍ 18 ലധികം സൂചികള്‍ കുത്തിയിറക്കിയ മന്ത്രവാദി അറസ്റ്റില്‍. ബലംഗീറിലാണ് സംഭവം.19 കാരിയുടെ തലയിലാണ് രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് മന്ത്രവാദി സൂചികള്‍ കുത്തിയത്. മുറിവേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രവാദിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി നിരവധി രോഗങ്ങള്‍ കാരണം യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. പല ചികിത്സകള്‍ നടത്തിയിട്ടും രോഗം ഭേദമായില്ല.
തുടര്‍ന്ന് കുടുംബാംഗങ്ങളുടെ നിര്‍ബന്ധപ്രകാരമാണ് മന്ത്രവാദിയുടെ അടുത്തെത്തി ചികിത്സ തേടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ചികിത്സക്കെന്ന പേരില്‍ യുവതിയെ മന്ത്രവാദിയായ സന്തോഷ് റാണ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷം പുറത്ത് വന്നു. പിന്നാലെ യുവതി തുടര്‍ച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് തലയില്‍ സൂചികള്‍ തറച്ച നിലയില്‍ കണ്ടെത്തിയത്.
എട്ട് സൂചികള്‍ മകളുടെ തലയില്‍ നിന്ന് നീക്കം ചെയ്തതായി പിതാവ് പറയുന്നു. തുടര്‍ന്ന് യുവതിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ടി സ്‌കാന്‍ നടത്തിയപ്പോഴാണ് യുവതിയുടെ തലയില്‍ നിന്ന് 10 സൂചികള്‍ കൂടി കണ്ടെത്തിയത്. മന്ത്രവാദത്തിനിടെ ബോധരഹിതയായെന്നും തലയില്‍ സൂചി കുത്തിയ കാര്യമൊന്നും അറിഞ്ഞില്ലെന്നാണ് യുവതി പറയുന്നു. സംഭവത്തില്‍ മന്ത്രവാദിക്കെതിരെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























