എംപിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സ്റ്റഡി ക്ലാസ് ! ലോക്‌സഭയില്‍ പോയിന്റ് പോയിന്റായി കാര്യങ്ങള്‍ പറഞ്ഞ് ഭരണപക്ഷത്തെ അടിച്ചിരുത്തണമെന്ന്...തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ബജറ്റില്‍ ബീഹാറിനെ പരിഗണിച്ചത് വിമര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ലോക്‌സഭയില്‍ എന്തൊക്കെ പറയണം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ഏതൊക്കെ. എംപിമാര്‍ക്ക് ക്ലാസെടുത്ത രാഹുലിന്റെ നീക്കം ചര്‍ച്ചയായി. ആവേശം കേറി എന്തും വിളിച്ച് പറയാന്‍ നില്‍ക്കരുത് ഊന്നല്‍ നല്‍കേണ്ട വിഷയങ്ങള്‍ ഏതൊക്കെയെന്ന് രാഹുല്‍ കൃത്യമായി പറഞ്ഞുകൊടുത്തു. പത്ത് മിനിറ്റോളം നീണ്ടുനിന്ന യോഗത്തിലാണ് രാഹുല്‍ എം.പിമാര്‍ക്ക് 'സ്റ്റഡി ക്ലാസെ'ടുത്തത്. ബുധനാഴ്ചയായിരുന്നു യോഗം.
ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നാണ് രാഹുലിന്റെ പ്രധാന നിര്‍ദേശം. അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ തിരിച്ചടിയാവുന്ന പരാമര്‍ശങ്ങള്‍ക്ക് ഇടനല്‍കരുതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയായ ന്യായ് പത്രയില്‍നിന്ന് രണ്ടുകാര്യങ്ങള്‍ ബജറ്റില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയാണ്. പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചും ബിഹാറിനേും ആന്ധ്രാപ്രദേശിനേയും കുറിച്ച് മോശമായി സംസാരിക്കരുത്. അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാത്ത സംസ്ഥാനങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടത്. കസേര സംരക്ഷിക്കാനുള്ള വ്യായാമമെന്ന ആരോപണം അടിവരയിടണം. തൊഴിലില്ലായ്മ, വിലക്കയറ്റം, സര്‍ക്കാരിന്റെ മധ്യവര്‍ഗവിരുദ്ധ നിലപാടുകള്‍ എന്നിവയായിരിക്കണം പ്രസംഗങ്ങളുടെ ഉള്ളടക്കമെന്നും രാഹുല്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസില്‍ നിന്ന് കുമാരി ഷെല്‍ജയാണ് ബജറ്റ് ചര്‍ച്ചയില്‍ ആദ്യം സംസാരിച്ചത്. ശശി തരൂര്‍, ഹൈബി ഈഡന്‍ എന്നിവരടക്കം 20 എം.പിമാരാണ് ചര്‍ച്ചയില്‍ സംസാരിക്കുക.
ഇതിനിടെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ക്ഷണപ്രകാരം പാര്‍ലമെന്റിലെത്തിയ നൂറോളം കര്‍ഷകരെ കടത്തിവിടാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് വലിയ വിവാദമായിരുന്നു. എങ്കില്‍ പുറത്തുപോയി കര്‍ഷകരെ കാണുമെന്ന് രാഹുല്‍ മുന്നറിയിപ്പുനല്‍കിയതോടെ 12 നേതാക്കള്‍ക്ക് അകത്തേക്കു പോകാന്‍ അനുമതി ലഭിക്കുകയായിരുന്നു. കര്‍ഷകരെ കയറ്റിവിടാത്തത് ചര്‍ച്ചയായപ്പോള്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പ്രധാനമന്ത്രിയോട് ചോദിക്കൂ എന്ന് രാഹുല്‍ പറഞ്ഞതോടെയാണ് അധികൃതര്‍ അയഞ്ഞത്. ''അവരെ ഞങ്ങള്‍ ക്ഷണിച്ചു. പാര്‍ലമെന്റിനകത്തേക്ക് കടത്തിവിടാഞ്ഞത് കര്‍ഷകരായതുകൊണ്ടായിരിക്കാം'' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
പിന്നാലെ പാര്‍ലമെന്റിനുള്ളിലെത്തിയ കര്‍ഷകരുമായി പ്രതിപക്ഷനേതാവിന്റെ ചേംബറില്‍ രാഹുല്‍ ചര്‍ച്ചനടത്തിയിരുന്നു. താങ്ങുവിലയ്ക്കുള്ള കര്‍ഷകരുടെ അവകാശത്തിനൊപ്പം നില്‍ക്കുമെന്നും ഇന്ത്യസഖ്യം വിഷയം പാര്‍ലമെന്റിലുയര്‍ത്തുമെന്നും രാഹുല്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്ന് രാഹുല്‍ നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും ആവശ്യങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് വീണ്ടും മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. അധിക്ഷേപിക്കപ്പെട്ട കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു. പഞ്ചാബ് മുന്‍മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ രാജ വാഡിങ് എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായി.
https://www.facebook.com/Malayalivartha

























