രാഷ്ട്രപതി ഭവനില്‍ പേരുമാറ്റം... ദര്‍ബാര്‍ ഹാളിനും അശോക് ഹാളിനും രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ പേരുകള്‍ പ്രഖ്യാപിച്ചു

രാഷ്ട്രപതി ഭവനില്‍ ദര്‍ബാര്‍ ഹാളിനും അശോക് ഹാളിനും രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ പേരുകള്‍ പ്രഖ്യാപിച്ചു. ദര്‍ബാര്‍ ഹാള്‍ ഇനിമുതല്‍ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാള്‍ അശോക് മണ്ഡപം എന്നും അറിയപ്പെടും. ദേശീയ പുരസ്‌കാരങ്ങളടക്കം സമ്മാനിക്കുന്നത് രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍വച്ചാണ്. അശോക് ഹാളിലായിരുന്നു പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യന്‍ സംസ്‌കാരവും മൂല്യവും പ്രതിഫലിക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള നിരന്തരശ്രമത്തിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. ബ്രിട്ടീഷുകാരുടെയും മറ്റ് ഇന്ത്യന്‍ ഭരണാധികാരികളുടെയും കാലത്തുള്ള കോടതികളെയും സഭകളെയും ഓര്‍മിപ്പിക്കുന്ന വാക്കാണ് ദര്‍ബാര്‍. പുതിയ ഇന്ത്യയില്‍ ഈ വാക്കിന് പ്രസക്തി നഷ്ടമായി. ഗണതന്ത്രം എന്ന ആശയം പുരാതനകാലം മുതല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ചതാണ്. അതിനാല്‍തന്നെ ഗണതന്ത്ര മണ്ഡപം എന്നത് ദര്‍ബാര്‍ ഹാളിന് ഏറ്റവും യോജിച്ച പേരാണ്.
അശോക് ഹാളിനെ അശോക് മണ്ഡപ് എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഭാഷാപരമായ ഐക്യം കൊണ്ടുവരും. എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മുക്തനായ' അല്ലെങ്കില്‍ 'ഏതെങ്കിലും ദുഃഖത്തില്‍ നിന്നും മുക്തനായ' ഒരാളെയാണ് 'അശോക്' എന്ന പദം അര്‍ത്ഥമാക്കുന്നത്. ഐക്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായ' അശോക് ചക്രവര്‍ത്തിയെയും ഈ പദം പരാമര്‍ശിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 'മുഗള്‍ ഗാര്‍ഡന്‍സ്' എന്നറിയപ്പെട്ടിരുന്ന രാഷ്ട്രപതി ഭവന്റെ ഉദ്യാനം 'അമൃത് ഉദ്യാന്‍' എന്ന് കഴിഞ്ഞ വര്‍ഷം പുനര്‍നാമകരണം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























