സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാള്‍ മലയാളി

ഡല്‍ഹിയിലെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാള്‍ മലയാളി വിദ്യാര്‍ത്ഥിയാണ്. എറണാകുളം സ്വദേശിയായ നെവിന്‍ ഡാല്‍വിന്‍ ആണ് മരിച്ചത്. ഡല്‍ഹി രാജേന്ദ്ര നഗറിലെ റാവൂസ് എന്ന ഐഎഎസ് പരിശീലന കേന്ദ്രത്തിലാണ് നെവിന്‍ പഠിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ത്ഥിയാണ് നെവിന്‍.
മകന്‍ നെവിന്റെ വിയോഗ വാര്‍ത്ത കേട്ടതിന് പിന്നാലെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളും. റിട്ട. ഡിവൈഎസ്പിയായ നെവിന്റെ അച്ഛന്‍ ഡാല്‍വിന്‍ സുരേഷും അമ്മ ലാന്‍സലോട്ടും കാലടി സര്‍വകലാശാലയില്‍ പ്രൊഫസറാണ്. നെവിന് ഒരു സഹോദരിയുണ്ട്. എറണാകുളം കാലടി സ്വദേശികളാണ് ഇവര്‍. രാവിലെ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയപ്പോഴാണ് മാതാപിതാക്കള്‍ മരണവിവരം അറിയുന്നത്. അതേസമയം മരിച്ച മറ്റ് രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. തെലങ്കാന, യുപി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ശ്രിയ, താനിയ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ സ്ഥിതി ചെയ്യുന്ന ലൈബ്രറിയിലായിരുന്നു മൂന്നുപേരും അപകടം നടക്കുന്ന സമയത്ത്.
ഇവിടേക്ക് വളരെപ്പെട്ടെന്ന് വെള്ളം ഇരച്ചെത്തുകയായിരുന്നു. വേഗത്തില്‍ ബേസ്‌മെന്റിന്റെ പടികള്‍ കയറിയവര്‍ക്കും നേരത്തേ തന്നെ പടികളില്‍ നില്‍ക്കുയായിരുന്നവര്‍ക്കുമാണ് രക്ഷപ്പെടാന്‍ സാധിച്ചത്. അതേസമയം ബേസ്മെന്റുകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ് ഞായറാഴ്ച ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























