ഷിരൂരിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വീണ്ടും റോഡ് അടച്ചു: ഡ്രഡ്‌ജർ ഉപയോഗിച്ച് പരിശോധന നടത്താൻ സാധിക്കുമോ എന്നറിയാൻ തൃശൂരിൽ നിന്നും കാർഷികവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക്...

ഷിരൂരിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വീണ്ടും റോഡ് അടച്ചു. നീർച്ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഇന്നലെ ദൗത്യം അവസാനിച്ചതിന് ശേഷം പാത തുറന്നു കൊടുത്തിരുന്നു. അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിനത്തില്‍ ആണ്. തിരച്ചില്‍ ഇന്നും തുടരണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളം. കര്‍ണാടകയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം. മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് ഉടന്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡ്രഡ്ജര്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ ഉടന്‍ ഷിരൂരില്‍ എത്തും. സ്ഥലത്ത് യന്ത്രം അനുയോജ്യമാണോയെന്ന് പരിശോധിക്കും. പരിശോധന അവസാനിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ ഇന്ന് പരിശോധന നടത്താനാണ് നീക്കം. വരുന്ന 21 ദിവസം മഴ പ്രവചിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അർജുനായുള്ള തിരച്ചിൽ താത്ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അർജുനായുള്ള തിരച്ചിൽ 13ാം ദിവസവും ഫലം കാണാതെ വന്നതോടെയാണ് തീരുമാനം. കേരളം തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരിച്ചിൽ തുടരാനാവില്ലെന്ന് കർണാടക വ്യക്തമാക്കി.
തെരച്ചിൽ ഗംഗാവലി പുഴയിൽ ആരംഭിച്ചിട്ട് രണ്ടാഴ്‌ചയായി. ഡ്രഡ്‌ജർ ഉപയോഗിച്ച് പരിശോധന നടത്താൻ സാധിക്കുമോ എന്നത് പരിശോധിക്കാൻ തൃശൂരിൽ നിന്നും കാർഷികവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക് പുറപ്പെട്ടു. കൃഷിവകുപ്പിലെ രണ്ട് അസിസ്‌റ്റന്റ് ഡയറക്‌ടർമാരും ഒരു ഓപ്പറേറ്ററുമാണ് സംഘത്തിലുള്ളത്. ഉത്തര കന്നഡ ജില്ലാ കളക്‌ടർ തൃശൂർ ജില്ലാ കളക്‌ടറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഘം ഉടൻ പുറപ്പെട്ടത്. ഇവർ ഇന്ന് രാത്രിയോടെ ഷിരൂരിലെത്തുമെന്നാണ് വിവരം. അതേസമയം ഡ്രഡ്‌ജർ ഗംഗാവലി പുഴയിൽ ഉപയോഗിക്കുന്നതിന് ഏറെ വെല്ലുവിളികളുണ്ടെന്ന് നിർമ്മാണ കമ്പനി ഉദ്യോഗസ്ഥൻ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
നദിയിലെ ഒഴുക്ക് നാല് നോട്ടിക്കൽ മൈലിന് മുകളിലായാൽ ഡ്രഡ്‌ജർ ഉപയോഗിക്കാൻ പ്രയാസമാകും എന്നാണ് ഉദ്യോഗസ്ഥൻ അറിയിച്ചത്. എന്നാൽ ആഴംകൂടിയയിടങ്ങളിൽ വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടന്ന് പ്രവർത്തിക്കുന്നതാണ് ഡ്രഡ്‌ജർ എന്നും ആറ് മീറ്റർ വരെ അടിയിലേക്ക് ഇരുമ്പ് തൂണുകൾ താഴ്‌ത്തി പ്രവർത്തിക്കാൻ യന്ത്രത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.നദിയിൽ സിഗ്നലുകൾ ലഭിച്ച സ്ഥലത്തുനിന്ന് ടൺകണക്കിന് മണ്ണും ചെളിയും നീക്കാൻ ഡ്രഡ്‌ജർ കൂടിയേതീരൂ.
ഇന്നലെ വൈകിട്ടു ചേർന്ന കർണാടക സർക്കാരിന്റെ ഉന്നതതല യോഗം വിവരം ഔദ്യോഗികമായി കേരളത്തെ അറിയിച്ചിരുന്നു.മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ദൗത്യസേനാംഗങ്ങളും ഇന്നലെ വൈകിട്ട് മടങ്ങി. സ്ഥലത്തെ ടെന്റും പൊളിച്ചുനീക്കി. മൽപെയുടെ നേതൃത്വത്തിൽ ഇന്നലെയും നിരവധി തവണ തെരച്ചിൽ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























