വനത്തിനുള്ളില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ 50 വയസുകാരിയെ കണ്ടെത്തി

വനത്തിനുള്ളില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ 50 വയസുകാരിയെ കണ്ടെത്തി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് വനമേഖലയിലാണ് സംഭവം. സോനുര്‍ലി ഗ്രാമത്തിലെ വനമേഖലയില്‍ നിന്നാണ് 50 വയസുകാരിയായ സ്ത്രീയെ പൊലീസ് രക്ഷിച്ചത്. ഇവരുടെ കൈവശം അമേരിക്കന്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുണ്ടായിരുന്നു.
ഇവരുടെ അടുത്ത് നിന്ന് കണ്ടെത്തിയ ബാഗില്‍ തമിഴ്നാട് വിലാസത്തിലുള്ള ഒരു ആധാര്‍ കാര്‍ഡും ലഭിച്ചു. അവശനിലയിലായ ഇവരെ ആദ്യം സിന്ധുദുര്‍ഗിലെ ആശുപത്രിയിലും പിന്നീട് ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആഴ്ചകളായി ഭക്ഷണം കഴിക്കാത്തതിന്റെ അവശതയും ഇവര്‍ക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ നനഞ്ഞതും ഇവര്‍ക്ക് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
സ്ത്രീ അപകടനില തരണം ചെയ്തതായി ഡോക്ടര്‍ അറിയിച്ചു. സിന്ധുദുര്‍ഗ് വനമേഖലയില്‍ കാലി മേയ്ക്കലിന് പോയ കര്‍ഷകരാണ് ശനിയാഴ്ച കെട്ടിയിട്ട നിലയില്‍ സ്ത്രീയെ കണ്ടത്. മാനസിക നില തെറ്റിയ നിലയിലായിരുന്നു സ്ത്രീയെന്നും നാട്ടുകാര്‍ പറയുന്നു. കൈവശമുള്ള രേഖകളില്‍ നിന്ന് ലളിത കായി എന്നാണ് ഇവരുടെ പേരെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സ്ത്രീ 10 വര്‍ഷം മുന്‍പാണ് ഇന്ത്യയിലെത്തിയതെന്ന് ഇവരുടെ കൈവശമുള്ള പാസ്‌പോര്‍ട്ടില്‍ നിന്ന് കണ്ടെത്തി. വീസ കാലാവധി കഴിഞ്ഞതാണ്. ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായി മറുപടി പറയാന്‍ ലളിതയ്ക്ക് കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവ് ഇവരെ കെട്ടിയിട്ട ശേഷം ഉപേക്ഷിച്ചുവെന്നാണ് നിഗമനം. ഭര്‍ത്താവിനെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























