ലെബനനനിലെ ഗ്രാമങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി ഇസ്രയേൽ.... ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ പ്രതിസന്ധി പുകയുന്നതിനിടെയാണ് ലെബനനിൽ ആക്രമണം നടന്നത്... ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു....

ലെബനനനിലെ ഗ്രാമങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി ഇസ്രയേൽ. ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ പ്രതിസന്ധി പുകയുന്നതിനിടെയാണ് ലെബനനിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഗോലാൻ കുന്നുകളിലെ 12 കുട്ടികളുടെ മരണത്തിനടയാക്കിയ റോക്കറ്റ് ആക്രമണത്തിന് ശേഷം നടന്ന ഇസ്രയേലിന്റെ ആദ്യ പ്രത്യാക്രമണമാണിത്. ഗാസയിലെ യുദ്ധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണിത്. ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് ഗാസ യുദ്ധം ലബനനിലേക്ക് കൂടി വ്യാപിക്കുന്നത്.
ലെബനൻ അതിർത്തിയിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ ലബനനിലുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹിസബുള്ള പ്രവർത്തകരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ശനിയാഴ്ച ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസ് ഗ്രാമത്തിൽ കുട്ടികളുടെ ഫുട്ബോൾ മൈതാനത്തുണ്ടായ റോക്കറ്റാക്രമണത്തിലാണ് 12 കുട്ടികൾ മരിച്ചത്. ഇസ്രയേലിന്റെ അധീനതയിലാണ് ഗോലാൻ കുന്ന് പ്രദേശം. ആക്രമണത്തിന് പിന്നിൽ ഹിസബുള്ളയാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇരു കൂട്ടരും തമ്മിൽ ലെബനൻ അതിർത്തിയിൽ മാസങ്ങളായി സംഘർഷം നിലനിൽക്കുന്നതിനിടെയായിരുന്നു ശനിയാഴ്ചയിലെ മിസൈൽ ആക്രമണവും തുടർന്നുള്ള പ്രത്യാക്രമണവും.
അതേസമയം ഹിസബുള്ള ഈ മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഹിസബുള്ള വ്യക്തമാക്കി. ഇറാനുമായി അടുപ്പമുള്ള ലെബനീസ് സായുധ സംഘമായ ഹിസബുള്ള ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























