റയില്‍വേ ബജറ്റില്‍ ട്രെയിന്‍ യാത്ര, ചരക്കുകൂലി 10% വര്‍ധിപ്പിച്ചേക്കും

റയില്‍വേ ബജറ്റില്‍ യാത്ര, ചരക്കുകൂലി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ഉയര്‍ന്ന ക്ലാസുകളിലെ നിരക്കുമാത്രം കൂട്ടുന്ന പതിവുവിട്ടു സാധാരണ ക്ലാസുകളിലെ നിരക്കും അഞ്ചു മുതല്‍ 10% വരെ വര്‍ധിപ്പിക്കാനാണ് ആലോചനയെന്നു റയില്‍വേ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
എങ്കിലും അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമുണ്ടാവേണ്ടതുണ്ട്. ട്രെയിന്‍ യാത്രക്കാരില്‍ ഭൂരിഭാഗവും യാത്ര ചെയ്യുന്ന ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളില്‍ നിരക്കു കൂട്ടിയാല്‍ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. ഉയര്‍ന്ന ക്ലാസുകളില്‍ മാത്രം നിരക്കു കൂട്ടുമ്പോള്‍ വരുമാന വര്‍ധന നാമമാത്രമാണ്.
യാത്ര, ചരക്കുകൂലി വര്‍ധനയിലൂടെ 8,000 കോടി രൂപയുടെ അധിക വരുമാനമാണു ലക്ഷ്യം. കഴിഞ്ഞ നവംബറില്‍, ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 4% വര്‍ധിപ്പിച്ചിരുന്നു. തത്കാല്‍ നിരക്കുകളും പരിഷ്‌കരിച്ചു. മിനിമം ടിക്കറ്റ് അഞ്ചില്‍നിന്നു 10 രൂപയാക്കി. അടുത്ത ഏപ്രില്‍ മുതല്‍ അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ളവര്‍ക്കു മുഴുവന്‍ ടിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. മറ്റു പൊതുയാത്രാ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കു വളരെ കുറവാണെന്നും റയില്‍വേ വിലയിരുത്തുന്നു. ഇതുവരെ ചരക്കുകൂലി വരുമാനത്തില്‍നിന്നു സബ്‌സിഡി നല്‍കിയാണു സാധാരണക്കാരുടെ യാത്രാനിരക്കു കൂട്ടാതെ നിലനിര്‍ത്തിയത്. എന്നാല്‍, ചരക്കുകൂലി വരുമാനം കുറഞ്ഞു തുടങ്ങിയതോടെ ഈ നയം തുടരാനാവില്ലെന്നാണു റയില്‍വേയുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























